കാസർകോട്: സുഹൃത്തിന്റെ പ്രശ്നം പരിഹരിക്കാനെന്ന വ്യാജേന നഗരത്തിലേക്ക് വിളിച്ചുവരുത്തിയ 19കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കാസർകോട് സ്വദേശിയായ വിഷ്ണു പ്രസാദിനെയാണ് പൊലീസ് പിടികൂടിയത്.
രണ്ട് ദിവസം മുൻപാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. കാസർകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ഒരു ലോഡ്ജിൽ വച്ചാണ് പീഡനം നടന്നതെന്നാണ് പരാതി.
19കാരിയുടെ സുഹൃത്തായ ഒരു പെൺകുട്ടി ലോഡ്ജിലുണ്ടെന്നും ഗുരുതരമായ മാനസിക വിഷമത്തിലാണെന്നും പറഞ്ഞ് യുവതിയുടെ സഹോദരനെ ആദ്യം പ്രതി ബന്ധപ്പെട്ടതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തുടർന്ന് യുവതിയെ സ്ഥലത്തെത്തിക്കാൻ ഇയാൾ ശ്രമിക്കുകയായിരുന്നു.
ഇത് വിശ്വസിച്ചാണ് 19കാരി ലോഡ്ജിലെത്തിയതെന്ന് പൊലീസ് പറയുന്നു. അവിടെ എത്തിയ ശേഷം യുവതിയെ ബലമായി തടഞ്ഞുവെച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
സംഭവത്തിന് പിന്നാലെ ലോഡ്ജിൽ നിന്ന് രക്ഷപ്പെട്ട യുവതി വീട്ടുകാരെ വിവരം അറിയിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
















































