വാഷിങ്ടൺ: കനത്ത യുദ്ധ ഭീഷണിക്ക് തൊട്ട് പിന്നാലെ ഇറാനെ ആക്രമിക്കില്ലെന്ന് അറിയിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഗൾഫ് രാജ്യങ്ങളുമായുള്ള ചർച്ചയ്ക്ക് ശേഷം ആക്രമണം പിൻവലിക്കാൻ തീരുമാനിച്ചതെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയാണ് ഇറാനെതിരായി നിശ്ചയിച്ച യുഎസ് ആക്രമണങ്ങൾ റദ്ദാക്കിയതായി ട്രംപ് അറിയിച്ചത്. അതേസമയം ഇറാന്റെ എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപിന് മനംമാറ്റമുണ്ടായത്
‘അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ഇന്നുരാത്രി ഇറാനെതിരെ നടത്താനിരുന്ന ആക്രമണങ്ങളും ബോംബിങ്ങുകളും ഞാൻ റദ്ദാക്കിയിരിക്കുന്നു’ – തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ൽ ട്രംപ് കുറിച്ചു.
അതേസമയം ഇറാന്റെ പരമോന്നത നേതൃത്വവുമായി നടത്തിയ ചർച്ചകൾ വിജയകരമാണെന്നും അവർ കരാർ വ്യവസ്ഥകൾ അംഗീകരിച്ചതായും ട്രംപ് അറിയിച്ചു. അമേരിക്കയ്ക്ക് പുറമെ ഇസ്രായേൽ, സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, തുർക്കി, പാകിസ്താൻ തുടങ്ങി പത്തോളം രാജ്യങ്ങൾ ചർച്ചകളിൽ പങ്കാളികളാണെന്നും ട്രംപ് അവകാശപ്പെട്ടു. ആക്രമണം റദ്ദാക്കിയെങ്കിലും ഇറാനിയൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. സമാധാന കരാർ അന്തിമമാകുന്നതുവരെ നിയന്ത്രണം തുടരും. കരാർ ഒപ്പിടുന്ന സമയവും സ്ഥലവും ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഈ വിഷയത്തിൽ ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല














































