തിരുവനന്തപുരം: അട്ടക്കുളങ്ങരയിൽ ഗവ.സ്കൂളിന്റെ ഓഫിസ് കെട്ടിടത്തിന്റെ മേൽക്കൂരണ് തകർന്നുവീണു. എസ്എസ്കെ (സർവശിക്ഷ കേരള) ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടമാണ് തകർന്നത്. പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിനാൽ രാവിലെ മുതൽ അധ്യാപകരും കുട്ടികളും ഇവിടെയുണ്ടായിരുന്നു. എന്നാൽ ഇവർ നേരത്തെ മടങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി.
ഓടിട്ട സ്‌കൂളിന്റെ മേൽക്കൂരയെ താങ്ങിനിർത്തിയ തടി ദ്രവിച്ചതോടെ കെട്ടിടം നിലംപൊത്തുകയായിരുന്നു. ഓടും താഴെയുള്ള സീലിങ്ങും ഉൾപ്പെടെ സാധനങ്ങൾ പൊളിഞ്ഞ് താഴേക്കുവീണു. അതേസമയം കെട്ടിടത്തിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടി. ‘‘തകർന്നത് സ്കൂൾ കെട്ടിടമല്ല. എസ്എസ്കെ (സർവശിക്ഷ കേരള) അവരുടെ ജില്ലാഘടകത്തിന്റെ ഓഫിസാണ് പ്രവർത്തിക്കുന്നത്. ഓഫിസ് കെട്ടിടം നേരത്തെ പുതുക്കി പണിതിരുന്നു. എന്നാൽ ഹെറിറ്റേജ് കെട്ടിടമായതിനാൽ മേൽക്കൂര പുതുക്കി പണിയാൻ അനുമതി കിട്ടിയിരുന്നില്ല. എന്നിരുന്നാലും സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ ഡിഡിഇയോട് ആവശ്യപ്പെട്ടിട്ടുണ്ട്’’– വിദ്യാഭ്യാസ മന്ത്രി എൻ .ഷംസുദ്ധീൻ പറഞ്ഞു.
















































