തിരുവനന്തപുരം: തിരുവനന്തപുരത്ത് പിണറായി വിജയന്റെ വീടിന് മുന്നിലുണ്ടായ സംഘർഷത്തിൽ ഇഡി ഉദ്യോഗസ്ഥർക്ക് പരിക്ക്. സിപിഎം ആക്രമണത്തിലാണ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരിക്കുന്നത്. റെയ്ഡിന് ശേഷം ഇഡി ഉദ്യോഗസ്ഥര്‍ പുറത്തേക്കിറങ്ങി കാറിൽ കയറിയ ശേഷമാണ് സംഘര്‍ഷം കനത്തത്. ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിക്കും.
ഇഡി ഉദ്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവർത്തകർ അടിച്ചുതകർത്തു. കാറിന്‍റെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ അടിച്ചു തകര്‍ത്തു. കണ്ണിനു പരിക്കെറ്റ ഒരു ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമിച്ചത് കല്ലും മരക്കഷ്ണങ്ങളും കൊണ്ടാണെന്ന് ഇ ഡി വാഹനത്തിന്റെ ഡ്രൈവർ പ്രതികരിച്ചു. ഇഷ്ടികയും വടികളും ഉപയോഗിച്ചാണ് കാര്‍ ആക്രമിച്ചത്.വാഹനം തകര്‍ത്തശേഷമാണ് പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ഇതേതുടർന്ന് പൊലീസും പ്രവര്‍ത്തകരും തമ്മിൽ സംഘര്‍ഷമുണ്ടായി. പൊലീസ് ലാത്തി വീശിയാണ് പ്രതിഷേധക്കാരെ നേരിട്ടത്.
സംഘർഷത്തിൽ തകർന്ന വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. ഇഡി ഉദ്യോഗസ്ഥർ തമ്പാനൂർ പൊലീസ് സ്റ്റേഷനിലാണുള്ളത്.
എട്ടരമണിക്കൂറാണ് ഇഡി റെയ്ഡ് നീണ്ടുനിന്നത്. പിണറായിയുടെ 2 വീടുകളിലടക്കം 12 ഇടങ്ങളിലാണ് പരിശോധന നടന്നത്. പിണറായി വിജയന്‍റെ മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസിന്‍റെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.
ഒരു വർഷത്തോളമായി നിയമക്കുരുക്കിലായ മാസപ്പടി കേസിൽ അന്വേഷണത്തിനുള്ള തടസ്സം ഹൈക്കോടതി നീക്കിയതിന് പിന്നാലെയാണ് ഇഡിയുടെ മിന്നൽ പരിശോധന. ഒരു ദിവസം വൈകിയാൽ പ്രതികൾ അന്വേഷണത്തിന് വീണ്ടും സ്റ്റേ തേടി കോടതിയെ സമീപിക്കാനുള്ള സാധ്യതകൂടി കണ്ടാണ് കേന്ദ്ര അനുമതി വാങ്ങിയുള്ള അടിയന്തര നീക്കം. അന്വേഷണ പരിധിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയും ഉണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്


















































