ചെന്നൈ: തമിഴ്‌നാട് മുൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ വീണ്ടും സിനിമാ അഭിനയരംഗത്തേക്ക് മടങ്ങിയെത്താനൊരുങ്ങുന്നതായി സൂചന. അടുത്ത വൃത്തങ്ങളിൽനിന്നുള്ള വിവരങ്ങൾ പ്രകാരം പുതിയ സിനിമാ പദ്ധതികളുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
നായകനായി പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ച ഉദയനിധിയുടെ അവസാന ചിത്രം 2023- ൽ പുറത്തിറങ്ങിയ മാമന്നൻ ആയിരുന്നു. നിരൂപക പ്രശംസയും മികച്ച വാണിജ്യ വിജയവും നേടിയ ചിത്രത്തിനുശേഷം താത്കാലികമായി അഭിനയരംഗത്ത് നിന്ന് മാറിനിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ തിരക്കുകൾക്കിടയിലും നിലവിൽ ഭരണ ചുമതലകളിൽ സജീവമല്ലാത്ത സാഹചര്യം സിനിമയിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കുന്നതായാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. ഭരണ ഉത്തരവാദിത്വങ്ങളുടെ സമ്മർദ്ദം കുറവായ സാഹചര്യത്തിൽ വീണ്ടും അഭിനയരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉദയനിധി താത്പര്യം കാണിക്കുന്നതായും സൂചനയുണ്ട്.
രാഷ്ട്രീയവും സിനിമയും ഒരുപോലെ കൈകാര്യം ചെയ്തിരുന്ന ഉദയനിധിയുടെ മടങ്ങിവരവ് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെ തമിഴ് സിനിമാലോകത്തും ആരാധകർക്കിടയിലും വലിയ ചർച്ചകളാണ് നടക്കുന്നത്. പുതിയ ചിത്ര പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന പ്രതീക്ഷയും ശക്തമാണ്.
















































