കോഴിക്കോട്: സമയക്രമത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് നടുറോഡിൽ ബസുകൾ കൂട്ടിയിടിപ്പിച്ച് ബസ് ജീവനക്കാർ. കോഴിക്കോട് കോട്ടൂളിയിലാണ് നടുറോഡിൽ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടമുണ്ടായത്. മുക്കം അരീക്കോട് ഭാഗത്തേക്ക് പോകുന്ന വടക്കേടൻ എന്ന ബസിലെ ജീവനക്കാരും മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകുന്ന ഹസ്ബി ബസിലെ ജീവനക്കാരും തമ്മിലാണ് പ്രശ്‌നമുണ്ടായത്. ഇരു ബസുകളിലും ഈ സമയം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.
ബസ് കോട്ടൂളി സ്റ്റോപ്പിൽ എത്തിയപ്പോൾ ഹസ്ബി ബസ് പിന്നോട്ടെടുത്ത് വടക്കേടൻ ബസിൽ ഇടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വഴക്കിനിടെ ബസിന് പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. അതേസമയം, സംഭവത്തിൽ പോലീസ് കേസെടുത്തിട്ടില്ല എന്നാണ് അറിയുന്നത്. അപകടമുണ്ടാക്കാൻ ശ്രമിച്ച ബസിലെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കണമെന്നും സംഭവത്തിൽ കേസെടുക്കണമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.


















































