അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് കാണാതെ ചെന്നൈ സൂപ്പർ കിങ്സ് പുറത്ത്. നിർണായക മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് 89 റൺസിന്റെ വൻ തോൽവി വഴങ്ങിയതോടെയാണ് പ്ലേ ഓഫിലെത്താനുള്ള ചെന്നൈയുടെ അവസാന സാധ്യതയും അടഞ്ഞത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 229 റൺസെടുത്തപ്പോൾ മറുപടിയിൽ ചെന്നൈ 13.4 ഓവറിൽ 140 റൺസടിച്ചു എല്ലാവരും പുറത്തായി.
എട്ടാം തോൽവി വഴങ്ങിയ ചെന്നൈ 12 പോയിന്റുമായി ഏഴാം സ്ഥാനത്തുതന്നെ തുടരുമ്പോൾ ഒൻപതാം വിജയം സ്വന്തമാക്കിയ ഗുജറാത്ത് 18 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഗുജറാത്ത് നേരത്തേ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. മറുപടി ബാറ്റിങ്ങിൽ 17 പന്തിൽ 47 റൺസെടുത്ത മധ്യനിര താരം ശിവം ദുബെയാണ് ചെന്നൈയെ മാനക്കേടിൽ നിന്ന് കരകയറ്റിയത്. മാത്യു ഷോർട്ട് (14 പന്തിൽ 24), അൻഷൂൽ കാംബോജ് (എട്ട് പന്തിൽ 19), കാർത്തിക്ക് ശർമ (15 പന്തിൽ 19) എന്നിവരും കുറച്ചെങ്കിലും പിടിച്ചുനിന്നു.
ചെന്നൈയുടെ മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽ തന്നെ സഞ്ജു സാംസൺ ഗോൾഡൻ ഡക്കായി പുറത്തായി. മുഹമ്മദ് സിറാജാണ് സഞ്ജുവിനെ പുറത്താക്കിയത്. പിന്നീട് പവർപ്ലേ തീരും മുൻപേ ചെന്നൈയ്ക്ക് നാലു മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. ശിവം ദുബെയുടെ ചെറുത്തു നിൽപാണ് സ്കോർ 100 കടത്തിയത്. ഗുജറാത്തിനായി മുഹമ്മദ് സിറാജ്, കഗിസോ റബാദ, റാഷിദ് ഖാൻ എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഓപ്പണർമാരായ സായ് സുദർശൻറെയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിൻറെയും ജോസ് ബട്‌ലറുടെയും അർധെസഞ്ചുറികളുടെ മികവിൽ കൂറ്റൻ റൺ മതിൽ പടുത്തുയർത്തി. 53 പന്തിൽ 84 റൺസെടുത്ത സായ് സുദർശനാണ് ഗുജറാത്തിൻറെ ടോപ് സ്കോറർ. ശുഭ്മാൻ ഗിൽ 37 പന്തിൽ 64 റൺസടിച്ചപ്പോൾ ജോസ് ബട്‌ലർ 27 പന്തിൽ 57 റൺസെടുത്ത് പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിൽ സിറാജിന്റെ ആദ്യ ബോളിൽ ബട്ട്ലർക്ക് ക്യാച്ച് നൽകി ഡക്കേൽ സഞ്ജു പുറത്തായി. കളി തുടങ്ങുന്നതിനു മുൻപ് തന്നെ സഞ്ജുവിനെ തകർക്കാൻ ഗില്ലും സംഘവും ചതുരംഗം തീർത്തിട്ടുണ്ടെന്ന് മുൻ താരങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. സഞ്ജുവിനെ പവർപ്ലേ കഴിയാൻ ഗില്ലും കൂട്ടരും അനുവദിക്കില്ലെന്നായിരുന്നു മുൻ ദക്ഷിണാഫ്രിക്കൻ താരം മാർക്ക് ബൗച്ചറും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പരിശീലകൻ സഞ്ജയ് ബാംഗറും പ്രവചിച്ചത്. സഞ്ജുവിനെ കൂടാതെ 17 റൺസെടുത്ത നായകൻ റുതുരാജ് ഗെയ്ക്‌വാദിന്റേയും റൺസൊന്നുമെടുക്കാതെ ഉർവിലിന്റേയും വിക്കറ്റുകൾ സിഎസ്കെയ്ക്ക് നഷ്ടമായി.
തുടക്കത്തിൽ പേസർമാർക്ക് പിന്തുണ ലഭിക്കുമെന്ന് കരുതി ടോസ് നേടിയിട്ടും ഫീൽഡിംഗ് തെരഞ്ഞെടുത്ത ചെന്നൈ നായകൻ റുതുരാജ് ഗെയ്ക്‌വാദിൻറെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ഗില്ലിൻറെയും സുദർശൻറെയും തുടക്കം. ആദ്യം മുതൽ തകർത്തടിച്ച ഗിൽ 22 പന്തിൽ അർദ്ധ സെഞ്ചുറിയിലെത്തി. കൂടെ സുദർശനും അടി തുടങ്ങിയതോടെ പവർ പ്ലേയിൽ ഗുജറാത്ത് 62 റൺസെടുത്തു. പത്താം ഓവറിൽ 100 കടന്ന ഗുജറാത്തിനായി ഇരുവരും ഓപ്പണിംഗ് വിക്കറ്റിൽ 12.1 ഓവറിൽ 125 റൺസടുത്തശേഷമാണ് വേർപിരിഞ്ഞത്. ഇതിനിടെ സുദർശൻ 33 പന്തിൽ അർദ്ധസെഞ്ചുറിയിലെത്തി. സുദർശനെ വീഴ്ത്തിയ സ്പെൻസർ ജോൺസണാണ് ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചത്. അപ്പോഴേക്കും ഗുജറാത്ത് സ്കോർ 125 കടന്നിരുന്നു,
ഗിൽ മടങ്ങിയശേഷം തകർത്തടിച്ച സുദർശൻ സ്കോറുയർത്തി. കൂടെ ബട്‌ലറുടെ ചേർന്നതോടെ പതിനാലാം ഓവറിൽ ഗുജറാത്ത് 150 കടന്നു. അവസാന മൂന്നോവറിൽ 43 റൺസെടുത്ത ഗുജറാത്ത് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 229 റൺസെടുത്തു.

















































