മലയാളികളുടെ പ്രിയനടൻ മോഹൻലാലിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ മകളും നടിയുമായ വിസ്മയ പിതാവിനേകിയ പിറന്നാളാശംസകൾ ശ്രദ്ധ നേടുന്നു. ‘ബ്യൂട്ടിഫുൾ സോൾ’ എന്നാണ് വിസ്മയ തന്റെ സോഷ്യൽ മീഡിയാ കുറിപ്പിൽ മോഹൻലാലിനെ വിശേഷിപ്പിച്ചത്.
“ജന്മദിനാശംസകൾ അച്ഛാ. എനിക്കറിയാവുന്നതിൽ വച്ച് ഏറ്റവും കഴിവുള്ളവനും കഠിനാധ്വാനിയുമായ മനുഷ്യനാണ് നിങ്ങൾ. കൂടാതെ മികച്ച കലാകാരനും നല്ല ഭക്ഷണമുണ്ടാക്കുന്നയാളും. ഏറ്റവും പ്രധാനമായി ‘ബ്യൂട്ടിഫുൾ സോൾ’, നിങ്ങളോട് ഒരുപാട് സ്നേഹം.”വിസ്മയയുടെ വാക്കുകൾ. കുറിപ്പിനൊപ്പം മൂന്ന് ചിത്രങ്ങളും വിസ്മയ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് വിസ്മയ. സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ആശിഷ് ജോ ആന്റണിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാനവേഷത്തിൽ. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.
സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ, തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഡോ. എമിൽ ആൻ്റണിയും, ഡോ. അനീഷ ആൻ്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആൻ്റണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം. ജേക്സ് ബിജോയ്.
















































