വാഷിങ്ടൻ: ഇസ്രയേലിൽ തനിക്ക് 99 ശതമാനം ജനപ്രീതിയുണ്ടെന്നും യുഎസ് പ്രസിഡന്റ് കാലാവധിക്ക് ശേഷം അവിടെ പ്രധാനമന്ത്രിയായി മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നുമുള്ള വിചിത്രവാദവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപിന്റെ അസാധാരണ പ്രതികരണമെത്തിയത്.
‘‘ഇസ്രയേലിൽ നിലവിൽ എനിക്ക് 99 ശതമാനം പിന്തുണയുണ്ട്. ഇന്ന് രാവിലെ ലഭിച്ച ഒരു സർവേ ഫലത്തിലും ഇതാണ് വ്യക്തമാകുന്നത്. അതിനാൽ യുഎസ് പ്രസിഡന്റ് കാലാവധി കഴിഞ്ഞാൽ ഞാൻ ഇസ്രയേലിലേക്ക് പോയി പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചേക്കാം’’– ഡോണൾഡ് ട്രംപ് പറഞ്ഞു.
അതേസമയം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പ്രശംസിച്ച ട്രംപ്, അദ്ദേഹം താൻ പറയുന്നത് എന്തും അനുസരിക്കുമെന്നും പറഞ്ഞു. എന്നാൽ ഇസ്രയേലിൽ നെതന്യാഹുവിന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതുപോലെ ഇറാനുമായി ഒരു സമാധാന കരാറിലെത്താൻ തനിക്ക് യാതൊരു ധൃതിയുമില്ലെന്നും ട്രംപ് വ്യക്തമാക്കി. ആക്രമണങ്ങളിൽ ആളപായം പരമാവധി കുറയ്ക്കാനാണ് ആഗ്രഹിക്കുന്നത്. ശാശ്വത സമാധാനത്തിനായുള്ള ചർച്ചകൾ സ്തംഭിച്ച പശ്ചാത്തലത്തിൽ ഇറാനെതിരെ മറ്റൊരു വലിയ തിരിച്ചടി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പും ട്രംപ് നൽകി
















































