ഗാസിയാബാദ്: ബലാത്സംഗക്കേസിൽ പ്രതിയായ ഹിന്ദു യുവ വാഹിനിയുടെ മുൻ അംഗമായ സുശിൽ പ്രജാപതി ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെ നൽകിയ ‘ഹീറോ’ വരവേൽപ്പ്. ഹിന്ദു യുവ വാഹിനിയുടെ മുൻ അംഗമായ ഇയാളെ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ പൂമാലകൾ അണിയിച്ച് സ്വീകരിക്കുകയും തുടർന്ന് റോഡ് ഷോ സംഘടിപ്പിക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പ്രതിക്ക് വരവേൽപ്പ് നൽകിയത് വൻ വിവാദമായി.
വൈറലായ വീഡിയോയിൽ വെളുത്ത വസ്ത്രം ധരിച്ച പ്രതിയെ അനുയായികൾ തോളിലേറ്റി കൊണ്ടുപോകുന്നതും വിജയാഘോഷം പോലെ പ്രദക്ഷിണം നടത്തുന്നതും വീഡിയോയിൽ കാണാം. അതുപോലെ ഇയാളുടെ അനുയായികൾ ‘വി’ സൈൻ കാട്ടുകയും മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. നിരവധി പേർ മൊബൈൽ ഫോണുകളിൽ ഈ ദൃശ്യങ്ങൾ പകർത്തുന്നതും ശ്രദ്ധേയമാണ്. സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
നിയമ വിദ്യാർത്ഥിനിയെ അഭിഭാഷകനെ പരിചയപ്പെടുത്താമെന്ന വ്യാജേന ഒരു ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് പ്രതിക്കെതിരായ ഗുരുതരമായ ആരോപണം. കേസിൽ അറസ്റ്റിലായ ഇയാൾ ഏകദേശം ഒൻപത് മാസങ്ങൾക്ക് ശേഷം മേയ് 17-നാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെ നടത്തിയ ഈ ആഘോഷപരമായ വരവേൽപ്പ് നിയമ വ്യവസ്ഥയെയും നീതിപാലന സംവിധാനത്തെയും വെല്ലുവിളിക്കുന്നതാണെന്ന വിമർശനവും ഉയരുന്നുണ്ട്.
ഇരയുടെ മാന്യതയെ അവഗണിക്കുന്നതും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതുമാണെന്ന ആരോപണവും ശക്തമാകുകയാണ്. ഇതിനിടെ, വൈറലായ വീഡിയോയെ അടിസ്ഥാനമാക്കി സംഭവത്തിൽ പങ്കെടുത്തവരെ തിരിച്ചറിയാനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാനുമായി പോലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. റോഡ് ഷോയ്ക്കും അനുമതിയുണ്ടായിരുന്നോയെന്നും, പൊതു നിയമങ്ങൾ ലംഘിച്ചോയെന്നും പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം ഈ സംഭവം ദേശീയ തലത്തിൽ ശ്രദ്ധ നേടുകയും സ്ത്രീസുരക്ഷയും നീതിപാലന സംവിധാനവും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും വഴിവെക്കുകയും ചെയ്തിട്ടുണ്ട്.
A country where rapists are not just freed from jail but also given a Heroes Welcome 🤬
Sushil Prajapati, Hindu Yuva Vahini, was arrested in August 2025 after an LLB student accused him of drugging and raping her….now he is doing a grand Roadshow.Is this Vishwaguru?? pic.twitter.com/RLpF1A2GWr
— D (@Deb_livnletliv) May 19, 2026















































