കൊച്ചി: കോണ്‍ഗ്രസിലും സിപിഎമ്മിലും അസംതൃപ്തരായ കൂടുതല്‍ നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് ബിജെപി നേതാവും ചാത്തന്നൂര്‍ എംഎല്‍എയുമായ ബി ബി ഗോപകുമാര്‍. കോണ്‍ഗ്രസില്‍ നിന്ന് രമേശ് ചെന്നിത്തലയെ പോലുള്ള നേതാക്കള്‍ ബിജെപിയില്‍ എത്തില്ലെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ കെ ആന്റണിയുടെ മകന്‍ ബിജെപിയില്‍ ചേര്‍ന്നില്ലേ? ആം ആദ്മി പാര്‍ട്ടി എംപിമാരും എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നില്ലേ? കോണ്‍ഗ്രസില്‍ നിന്ന് രമേശ് ചെന്നിത്തലയെ പോലുള്ള നേതാക്കള്‍ ബിജെപിയില്‍ എത്തില്ലെന്നും ഉറപ്പിച്ചു പറയാനാകില്ല.
അസംതൃപ്തരായ ചില എംഎല്‍എമാര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്നത് ഉറപ്പാണ്. ഭാവിയില്‍ ഇത് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ബിബി ഗോപകുമാര്‍ പറഞ്ഞു. കേരളത്തില്‍ മുഖ്യമന്ത്രി തെരഞ്ഞെടുക്കുന്നതില്‍ ലീഗിന്റെ നിലപാടാണ് നിര്‍ണായകമായത്. ഒരു ഘട്ടത്തില്‍ സതീശനെ മാറ്റുന്നത് സ്വീകാര്യമാണോയെന്ന് ഹൈക്കമാന്‍ഡ് ലീഗിനോട് ചോദിച്ചതായാണ് പറയപ്പെടുന്നത്.
അപ്പോള്‍ ആരുടെ അജണ്ടയാണ് നടപ്പിലായത്. ഇതുതന്നെയാണ് ഞങ്ങള്‍ തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നത്. ലീഗ് ഭരിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടെന്നല്ല ഞങ്ങള്‍ പറയുന്നത് പക്ഷെ അത് ജനാധിപത്യപരമായിരിക്കണം. സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും തുല്യപരിഗണന ലഭിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
















































