ഹൈദരാബാദ്: പ്രസവാനന്തരം ആദ്യ ഒരു വർഷത്തിനിടെ ഏകദേശം 60 ലിറ്റർ മുലപ്പാൽ ദാനം ചെയ്തതായി വെളിപ്പെടുത്തി മുൻ ഇന്ത്യൻ ബാഡ്മിന്റൺ താരം ജ്വാലാ ഗുട്ട. ഭർത്താവും നടനുമായ വിഷ്ണു വിശാലുമൊപ്പമുള്ള ജീവിതത്തിലേക്ക് 2025 ഏപ്രിലിലാണ് മകളെത്തിയത്. പിന്നാലെ താൻ സർക്കാർ ഹോസ്പിറ്റലുകളിൽ എൻഐസിയുവിൽ കഴിയുന്ന കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ദാനം ചെയ്യാൻ തുടങ്ങിയതായി സാമൂഹ്യമാധ്യമമായ എക്‌സിൽ ജ്വാല പങ്കുവെച്ചു. വലിയ തോതിൽ ശേഖരിച്ച് ക്രമീകരിച്ച മുലപ്പാൽ പായ്ക്കറ്റുകളും ജ്വാല പുറത്തുവിട്ടു. ഹൈദരാബാദിലെയും ചെന്നൈയിലെയും സർക്കാർ ആശുപത്രികളിലേക്കാണ് ഈ മുലപ്പാൽ ദാനം ചെയ്തതെന്ന് താരം വ്യക്തമാക്കി.
എൻഐസിയുവിൽ ചികിത്സയിലുള്ള നിരവധി കുഞ്ഞുങ്ങൾക്ക് സ്വന്തം അമ്മമാരുടെ പാൽ ലഭിക്കാത്ത സാഹചര്യം ഉണ്ടാകാറുണ്ടെന്ന് ജ്വാല കുറിച്ചു. ആരോഗ്യപ്രശ്നങ്ങൾ, പ്രസവസംബന്ധമായ ബുദ്ധിമുട്ടുകൾ, മാനസിക സമ്മർദ്ദം, നേരത്തെ ജനനം തുടങ്ങിയ കാരണങ്ങളാൽ അമ്മമാർക്ക് കുഞ്ഞുങ്ങളെ ഉടൻ മുലയൂട്ടാൻ സാധിക്കാതെ വരും. അത്തരമുള്ള സാഹചര്യത്തിൽ ഡോണർ മിൽക്ക് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കുന്ന പ്രധാന പോഷകസ്രോതസായി മാറുന്നുവെന്നും അവർ പറഞ്ഞു. വെറും 100 മില്ലി മുലപ്പാൽ പോലും ഒരു കിലോഗ്രാം തൂക്കമുള്ള കുഞ്ഞിന് പല ദിവസത്തേക്ക് ആഹാരമാകാമെന്നും ജ്വാല ചൂണ്ടിക്കാട്ടി.
മുലപ്പാൽ ദാനം സുരക്ഷിതവും കർശന പരിശോധനകൾക്കുശേഷമുള്ളതുമായ ഒരു സംവിധാനമാണെന്നും കൂടുതൽ അമ്മമാർ സർക്കാർ ആശുപത്രികളിലെ മിൽക്ക് ബാങ്കുകളെ സമീപിക്കണമെന്നും ജ്വാല അഭ്യർത്ഥിച്ചു. പ്രത്യേകിച്ച് പ്രീമേച്ച്വർ കുഞ്ഞുങ്ങളിൽ ജീവന് ഭീഷണിയാകുന്ന നെക്രോട്ടൈസിംഗ് എൻറോകൊളൈറ്റിസ് പോലുള്ള ഗുരുതര കുടൽരോഗങ്ങൾ കുറയ്ക്കാൻ ഡോണർ മിൽക്ക് സഹായിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
അതേസമയം ജ്വാലയുടെ ഈ സന്ദേശം വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ നിർദേശങ്ങളോടും പൊരുത്തപ്പെടുന്നതാണ്. സ്വന്തം അമ്മയുടെ പാൽ ലഭിക്കാത്ത കുറഞ്ഞ ഭാരമുള്ള കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായ മിൽക്ക് ബാങ്കുകൾ വഴി ലഭിക്കുന്ന ഡോണർ മിൽക്ക് നൽകണമെന്ന് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു. ലോകമെമ്പാടുമായി പ്രതിവർഷം 2.5 കിലോഗ്രാമിൽ താഴെ ഭാരമുള്ള ഇരുപത് ദശലക്ഷത്തിലധികം കുഞ്ഞുങ്ങൾ ജനിക്കുന്നുവെന്നും ഇവരിൽ ഭൂരിഭാഗവും വികസന രാജ്യങ്ങളിലാണെന്നും WHO വ്യക്തമാക്കുന്നു. ഇത്തരം കുഞ്ഞുങ്ങൾക്ക് അണുബാധകളും വളർച്ചാസംബന്ധമായ പ്രശ്നങ്ങളും കൂടുതലായി നേരിടേണ്ടി വരാറുണ്ട്.
മുലപ്പാൽ ദാനത്തിന്റെ പ്രാധാന്യം സമൂഹത്തിലേക്ക് എത്തിക്കുന്നതിനും അതിനെ ചുറ്റിപ്പറ്റിയുള്ള മടിയും തെറ്റിദ്ധാരണകളും മാറ്റുന്നതിനും ജ്വാല ഗുട്ടയുടെ തുറന്ന നിലപാട് വലിയ ശ്രദ്ധ നേടുകയാണ്. നിരവധി പേർ സാമൂഹ്യമാധ്യമങ്ങളിലൂടെ താരത്തെ അഭിനന്ദിക്കുകയും കൂടുതൽ അമ്മമാർ ഇത്തരം പ്രവർത്തനങ്ങളിലേക്ക് മുന്നോട്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
I donated around 60 litres of breast milk to the government hospital in Hyderabad and Chennai during my first year of post partum!!
Why does it matter? Just 100ml of donor milk can feed a tiny 1kg baby for several days. This donation could potentially support dozens of infants… pic.twitter.com/JzEXQZDrXa
— Gutta Jwala 💙 (@Guttajwala) May 14, 2026















































