നടൻ രവി മോഹനുമായി ചേർത്ത് പ്രചരിക്കുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ഗായിക കെനീഷ ഫ്രാൻസിസ്. ഏറെ നാളായി മൗനം പാലിച്ചിരുന്നെങ്കിലും ഇനി പ്രതികരിക്കാതെ ഇരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കെനീഷ, തന്റെ വ്യക്തിജീവിതത്തെയും ബാല്യകാല അനുഭവങ്ങളെയും കുറിച്ചും തുറന്നുപറഞ്ഞു. എന്നാൽ പിന്നീട് ഈ പ്രതികരണ വീഡിയോ കെനീഷയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്യപ്പെട്ടതായും ശ്രദ്ധിക്കപ്പെട്ടു.
“എന്തുകൊണ്ടാണ് ഞാൻ മിണ്ടാതിരിക്കുന്നത് എന്ന് എല്ലാവരും ചോദിക്കുന്നു. ഒരുപക്ഷേ ഇത് എന്റെ അവസാന പ്രതികരണമായിരിക്കും” എന്ന് പറഞ്ഞുകൊണ്ടാണ് കെനീഷ വീഡിയോ ആരംഭിച്ചത്. മാതാപിതാക്കളുടെ ഏക മകളായ താൻ 4-ാം വയസിൽ ലൈംഗികാതിക്രമത്തിന് ഇരയായിരുന്നുവെന്നും അത് സ്വന്തം ബന്ധുവിൽ നിന്നുണ്ടായ അനുഭവമായിരുന്നുവെന്നും അവർ വെളിപ്പെടുത്തി.
പതിനെട്ടാം വയസിൽ വിവാഹിതയായെങ്കിലും ആ ബന്ധം വെറും നാല് മാസം മാത്രമാണ് നീണ്ടുനിന്നതെന്ന് കെനീഷ പറഞ്ഞു. ഭർത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും തുടർന്ന് ബന്ധം മാനസികമായും ശാരീരികമായും തളർത്തുന്ന തരത്തിലേക്ക് മാറിയതായും അവർ വ്യക്തമാക്കി. അതിനിടെ ഗർഭം അലസിയതായും കെനീഷ പറഞ്ഞു.
“ആദ്യം അമ്മയും പിന്നീട് നാല് വർഷത്തിന് ശേഷം അച്ഛനും മരിച്ചു. അതിന് ശേഷം ഏകദേശം പത്ത് വർഷത്തോളം ഞാൻ തനിച്ചായിരുന്നു ജീവിച്ചത്”കെനീഷ പറഞ്ഞു. ജീവിതത്തിൽ നേരിട്ട ബുദ്ധിമുട്ടുകൾക്കിടയിലായിരുന്നു സംഗീതരംഗത്തേക്കുള്ള പ്രവേശനമെന്നും, ചെറിയ പ്രതിഫലത്തിന് ബാറുകളിൽ പാടിയാണ് കരിയർ ആരംഭിച്ചതെന്നും കെനീഷ തുറന്നുപറഞ്ഞു.
തന്നെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങൾ കണ്ടെത്താൻ ചിലർ ബെംഗളൂരുവിലേക്ക് വരെ അന്വേഷണക്കാരെ അയച്ചുവെന്നും, അച്ഛനെ വൃദ്ധസദനത്തിൽ ഉപേക്ഷിച്ചെന്ന തരത്തിൽ വ്യാജപ്രചാരണം നടത്തിയെന്നും അവർ ആരോപിച്ചു. “മനുഷ്യത്വമില്ലാത്ത രീതിയിലാണ് പലരും പെരുമാറുന്നത്” എന്നും കെനീഷ പറഞ്ഞു.
‘കുടുംബം തകർത്തവൾ’ എന്ന വിമർശനങ്ങൾക്കും അവർ മറുപടി നൽകി. “സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട ഒരു സ്ത്രീ മറ്റൊരാളുടെ കുടുംബം തകർക്കുമെന്ന് ആളുകൾ എങ്ങനെ കരുതുന്നു?” എന്ന് ചോദിച്ച കെനീഷ, രവി മോഹൻ മാനസികമായി തകർന്ന അവസ്ഥയിലാണ് തന്റെ അടുത്ത് സഹായം തേടിയെത്തിയതെന്നും വ്യക്തമാക്കി.
ഒരു തെറാപ്പിസ്റ്റ് എന്ന നിലയിലാണ് അദ്ദേഹത്തെ പിന്തുണച്ചതെന്നും കുടുംബപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് തന്നെയാണ് താൻ ഉപദേശിച്ചതെന്നും കെനീഷ പറഞ്ഞു. എന്നാൽ അതിന് മുൻപേ തന്നെ രവി മോഹൻ കുടുംബത്തിൽ നിന്ന് മാനസികമായി അകന്നിരുന്നുവെന്നും, പിന്നീട് ഇരുവരും സുഹൃത്തുക്കളായെന്നും അവർ വിശദീകരിച്ചു. “ഇന്നും ഞങ്ങൾ സുഹൃത്തുക്കളാണ്. അതിന് പുറമെ മറ്റൊന്നുമില്ല. ആരുടെയും കുടുംബം ഞാൻ തകർത്തിട്ടില്ല” എന്നും കെനീഷ കൂട്ടിച്ചേർത്തു.
















































