തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാനെത്തിയ കൊല്ലത്തെ നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്. ശ്രമം എതിർത്തെങ്കിലും വീണ്ടും ആലിംഗനം ചെയ്യാൻ ശ്രമിച്ചു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ബിന്ദു കൃഷ്ണ നടന്നു വരുന്നതാണ് ആദ്യം വിഡിയോയിൽ കാണുന്നത്.
മാധ്യമങ്ങളോട് കുശലം പറഞ്ഞ് നീങ്ങിയ ബിന്ദു കൃഷ്ണ ചെറിയാൻ ഫിലിപ്പിനെ കാണുമ്പോൾ കൈ കൊടുക്കാനാണ് ശ്രമിച്ചത്. എന്നാൽ ചെറിയാൻ ഫിലിപ്പ് നേരെ വന്ന് അവരെ ആലിംഗനം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഒഴിഞ്ഞ് മാറാൻ ശ്രമിച്ചപ്പോൾ വീണ്ടും ആലിംഗനം ചെയ്യാൻ ശ്രമിച്ചു. പിന്നാലെ അവർ കൈ കൂപ്പി മുന്നോട്ട് നീങ്ങുകയായിരുന്നു.
വിഡിയോ പ്രചരിച്ചതിനു പിന്നാലെ ചെറിയാൻ ഫിലിപ്പിനെതിരെ വലിയ രീതിയിൽ വിമർശനം ഉയരുന്നുണ്ട്. താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയിട്ടും ആലിംഗനം ചെയ്യാന്‍ ശ്രമിച്ചത് ശരിയല്ലെന്നും പൊതുവിടങ്ങളില്‍ പാലിക്കേണ്ട മര്യാദ ലംഘിക്കപ്പെട്ടുവെന്നും ആളുകള്‍ കുറിച്ചു.


















































