മലപ്പുറം: ലഹരിയിൽ പാമ്പിനെ പോക്കറ്റിലിട്ട് അതിഥി തൊഴിലാളിയുടെ അഭ്യാസം. ചായ കുടിക്കാനായി ഒതായി അങ്ങാടിയിലെത്തിയ അതിഥി തൊഴിലാളിയുടെ പോക്കറ്റിലായിരുന്നു പാമ്പ് ഉണ്ടായിരുന്നത്. പോക്കറ്റിലുണ്ടായിരുന്നത് അണലിയാണെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ പരിശോധിച്ചാൽ മാത്രമേ ഇക്കാര്യം വ്യക്തമായി പറയാൻ സാധിക്കുകയുള്ളുവെന്ന് വനം വകുപ്പ് അറിയിച്ചു.
ഇന്നലെയായിരുന്നു സംഭവം. ചായക്കടയിൽ ഇരിക്കുന്നതിനിടെ അരികിലുണ്ടായിരുന്ന ഒരാൾക്ക് ഇയാൾ പോക്കറ്റിൽ കിടന്ന പാമ്പിനെ കാണിച്ചുകൊടുത്തതോടെയാണ് നാട്ടുകാർ വിവരമറിയുന്നത്. പല തവണ ഇയാൾക്ക് പാമ്പിന്റെ കടിയേൽക്കുകയും ചെയ്തു.
ഇയാൾ ഇടയ്ക്കിടെ പോക്കറ്റിൽ നിന്ന് പാമ്പിനെ പുറത്തെടുക്കുന്നതിന്റെ വീഡിയോ നാട്ടുകാർ പകർത്തി. പാമ്പിന്റെ കടിയേറ്റ ഇയാളെ നാട്ടുകാർ നിർബന്ധിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതിനിടെ പാമ്പിനെ നാട്ടുകാർ പിടികൂടി കവറിലേക്ക് മാറ്റിയിട്ടുണ്ട്. അതിഥി തൊഴിലാളി മദ്യലഹരിയിലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.
















































