റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്ത് നായകനായെത്തുന്ന രാജാ ശിവജിയുടെ ട്രെയ്‌ലർ ലോഞ്ചിനിടെ വൈകാരിക നിമിഷങ്ങള്‍. ചിത്രം പുറത്തിറക്കാൻ താൻ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞപ്പോഴാണ് സംവിധായകൻ റിതേഷ് വികാരാധീനനായത്.തനിക്ക് പിന്നിൽ പാറ പോലെ ഉറച്ചു നിന്നത് തന്റെ ജീവിതപങ്കാളി ജെനീലിയ ഡിസൂസ മാത്രമാണെന്നും റിതേഷ് പറഞ്ഞു.
റിതേഷിന്റെ ഈ വാക്കുകൾ കേട്ടതോടെ ജെനീലയയും വേദിയിൽ വച്ച് വിതുമ്പി. “ആർക്കും സ്വപ്‌നങ്ങൾ കാണാം. പക്ഷേ, ആ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ കൂടെ നിൽക്കുന്ന ഒരു പങ്കാളിയെ ലഭിക്കുക എന്നത് വലിയൊരു അനുഗ്രഹമാണ്. ഇന്ന് ഞാൻ എന്തായിരിക്കുന്നുവോ, അതിന് കാരണം നീയാണ്. നീയില്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ വരെ എത്തുമായിരുന്നില്ല. നീയാണ് എന്റെ വിജയങ്ങൾ”.- റിതേഷ് ദേശ്മുഖ് പറഞ്ഞു. തന്നെ നോക്കിയുള്ള റിതേഷന്റെ വാക്കുകൾ കേട്ടതും ജെനീലിയയ്ക്ക് കണ്ണുനീർ പിടിച്ചുനിർത്താനായില്ല.
നിറഞ്ഞ കണ്ണുകളോടെയായിരുന്നു റിതേഷിന്റെ പ്രസംഗം. റിതേഷിന്റെ വാക്കുകൾ കേട്ട ജെനീലിയ പലതവണ കരച്ചിൽ മറച്ചുവെക്കാൻ ശ്രമിച്ചെങ്കിലും വേദിയിൽവെച്ച് വിങ്ങിപ്പൊട്ടിപ്പോയി. ഇതിന്റെ വിഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. താരങ്ങളുടെ ദാമ്പത്യത്തെ ആരാധകർ പ്രശംസിച്ചു. ജിയോ സ്റ്റുഡിയോസും മുംബൈ ഫിലിം കമ്പനിയും ചേർന്ന് നിർമിക്കുന്ന ‘രാജാ ശിവാജി’ ഛത്രപതി ശിവാജിയുടെ ജീവിതകഥയാണ് പറയുന്നത്. ശിവജി എന്ന കഥാപാത്രമായാണ് റിതേഷ് ചിത്രത്തിലെത്തുന്നത്.















































