ഭോപ്പാൽ: മധ്യപ്രദേശിൽ ഫോണിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ ബൈക്ക് ലോറിയിലിടിച്ച് സഹോദരങ്ങളായ മൂന്ന് യുവാക്കൾ മരിച്ചു. മധ്യപ്രദേശിലെ മൗഗഞ്ചിലാണ് സംഭവം. ഉപലാക്ഷ് കോൾ, അമ്രീഷ് കോൾ, ഹേമരാജ് കോൾ എന്നിവരാണ് മരിച്ചത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
മൂന്നുപേരാണ് അപകടത്തിൽപ്പെട്ട ബൈക്കിൽ സഞ്ചരിച്ചിരുന്നത്. ഇതിൽ ഒരാളുടെ കൈയിൽ തോക്കും ഉണ്ടായിരുന്നു. മറ്റൊരു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവരുടെ സുഹൃത്തുക്കളാണ് മൂന്നുപേരുടെ ബൈക്ക് യാത്ര ഫോണിൽ പകർത്തിയിരുന്നത്.
മൂവരും ബൈക്കിൽ സഞ്ചരിക്കുമ്പോൾ ക്യാമറ നോക്കി കൈവീശുന്നതും തോക്ക് ഉയർത്തിക്കാണിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടർന്നാണ് ബൈക്ക് വേഗം കൂട്ടി സഞ്ചരിച്ചത്.അമിതവേഗത്തിൽ മറ്റുവാഹനങ്ങളെ തെറ്റായരീതിയിൽ മറികടന്ന് മുന്നോട്ടുനീങ്ങിയ ബൈക്ക് നിയന്ത്രണംവിട്ട് ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് ലോറിയുടെ പിറകിൽ ഇടിച്ചുകയറുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.
അപകടത്തിൽ സഹോദരങ്ങളായ മൂന്നുപേരും തൽക്ഷണം മരിച്ചെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.













































