മുംബൈ: പ്രശസ്ത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 92 വയസായിരുന്നു. കഴിഞ്ഞ ദിവസം ആശാ ഭോസ്‌ലെ ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിലെ ബ്രീച് ക്യാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്കാരം നാളെ വൈകീട്ട് നാലിന് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കും.
1943-ലാണ് ആശാ ഭോസ്‌ലെ ആദ്യമായി തന്റെ ഗാനം റെക്കോർഡ് ചെയ്തത്. ‘മാഝാ ബാൽ’ എന്ന ചലച്ചിത്രത്തിൽ ചലാ ചലാ നവ് ബാലാ എന്ന ഗാനം പാടി ചലച്ചിത്രമേഖലയിൽ തുടക്കം കുറിച്ചു. അന്ന് പത്ത് വയസ്സായിരുന്നു ആശയ്ക്ക്. 1200 ഓളം ഗാനങ്ങൾ ആശാ ഭോസ്‌ലെയുടെ ശബ്ദത്തിൽ പുറത്തുവന്നു. ലോകത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത ഗായിക എന്ന നിലയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ആശാ ഭോസ്‌ലെ ഇടം നേടിയിട്ടുണ്ട്.
ചലച്ചിത്ര പിന്നണിഗായിക ലതാ മങ്കേഷ്കറുടെ ഇളയ സഹോദരിയാണ് ആശാ ഭോസ്‌ലെ. മറാഠാ നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ മകളായി 1933 സെപ്റ്റംബർ എട്ടിന് ഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിലായിരുന്നു ആശയുടെ ജനനം. അമ്മ ശുദ്ധമാതി. ലതാ മങ്കേഷ്കർ, ഹൃദ്യനാഥ് മങ്കേഷ്കർ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ് സഹോദരങ്ങൾ.


















































