തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും തമ്മിലുള്ള ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന അഭിമുഖ പരിപാടി പുതിയ വിവാദങ്ങളിലേക്ക്. ഈ അഭിമുഖം ചിത്രീകരിക്കുന്നതിനായി സർക്കാർ ഖജനാവിൽ നിന്ന് 11,21,000 രൂപയാണ് ചെലവഴിച്ചതെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. തിരുവല്ല സ്വദേശിയായ റിജോ വള്ളംകുളം നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. സർക്കാർ ഫണ്ടാണ് ഇതിനായി ഉപയോഗിച്ചതെന്ന് വ്യക്തമാക്കുന്ന രേഖയിൽ തന്നെ, ഔദ്യോഗിക സർക്കാർ സംവിധാനങ്ങൾ ഇതിനായി ഉപയോഗിച്ചിട്ടില്ലെന്നും പറയുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ച് രണ്ട് ദിവസമെടുത്താണ് ഈ അഭിമുഖം ചിത്രീകരിച്ചത്. പ്രശസ്ത സംവിധായകൻ ടി.കെ. രാജീവ് കുമാറും സംഘവുമാണ് ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചത്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തിപരമായ വിശേഷങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ അഭിമുഖത്തിന്റെ ടീസറുകൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രിയുമായി നടത്തിയ ഒരു കൂടിക്കാഴ്ചയ്ക്കിടെ പിണറായി വിജയൻ തന്നെ ഇത്തരമൊരു പരിപാടിയെക്കുറിച്ച് സൂചിപ്പിക്കുകയും മോഹൻലാൽ അത് സന്തോഷപൂർവം സ്വീകരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, ഈ അഭിമുഖത്തിനെതിരെ രൂക്ഷമായ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതൊരു വെറും ‘പി ആർ സ്റ്റണ്ട്’ മാത്രമാണെന്നാണ് പ്രതിപക്ഷത്തിന്റെ പരിഹാസം. മോഹൻലാൽ ഇത്തരത്തിൽ ഒരു രാഷ്ട്രീയ നേതാവുമായി അഭിമുഖം നടത്തുന്നത് ഇതാദ്യമായല്ല. മുൻപ് 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻചാണ്ടിയുമായും സമാനമായ രീതിയിൽ സംവദിച്ചിട്ടുണ്ട്.












































