കൊല്ലം: എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിന് വഴങ്ങി ആറ്റിങ്ങൽ എംപി അടൂർ പ്രകാശ്. പാർട്ടിയുടെ നിർദ്ദേശം അനുസരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റും അദ്ദേഹം പങ്കുവെച്ചു. കേരളത്തിൽ സിപിഎമ്മിന് എവിടെയും സ്ഥിരമായ കോട്ടയില്ലെന്ന് തെളിയിക്കാനാണ് കോന്നിയിൽ നിന്ന് ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലേക്ക് പോയതെന്നും താൻ ചെയ്തത് പാർട്ടി നിർദ്ദേശം അനുസരിക്കുക മാത്രമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. തീർത്തും വൈകാരികമായെഴുതിയ കുറിപ്പ് കെ സുധാകരനു കണ്ണൂരിൽ മത്സരിക്കുമെന്ന വാർത്ത വന്നതോടെ അദ്ദേഹം പിൻവലിക്കുകയും ചെയ്തു.
അടൂർ പ്രകാശിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
1996 മുതൽ 2019 വരെ കോന്നിയിലെ ജനങ്ങൾ എന്നെ അവരുടെ പ്രതിനിധിയായി തെരഞ്ഞെടുത്തത് എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായി കരുതുന്നു. ഈ കാലഘട്ടത്തിൽ കോന്നിയിലെ ജനങ്ങളോടൊപ്പം നിന്നുകൊണ്ട് പ്രവർത്തിക്കാൻ കഴിഞ്ഞത് എനിക്ക് വലിയ അഭിമാനമാണ്.
കോന്നി എനിക്ക് ഒരു മണ്ഡലം മാത്രമല്ല… അത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്… എന്റെ സ്വന്തം കുടുംബമാണ്. പാർട്ടി നിർദ്ദേശപ്രകാരം കേരളത്തിൽ സിപിഎമ്മിന് എവിടെയും സ്ഥിരമായ ”കോട്ട” ഇല്ലെന്ന് തെളിയിക്കാനുള്ള വലിയ രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് ഞാൻ കോന്നിയിൽ നിന്ന് ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലേക്ക് പോയത്. ആറ്റിങ്ങലിലെ ജനങ്ങളും കോൺഗ്രസ് പ്രവർത്തകരും എന്നെ അതിയായ സ്‌നേഹത്തോടെ
യും വിശ്വാസത്തോടെയും സ്വീകരിച്ചു പാർലമെന്റിലേക്ക് അയച്ചു. ആ സ്‌നേഹത്തിനും വിശ്വാസത്തിനും ഞാൻ എന്നും കടപ്പെട്ടിരിക്കും. അതേസമയം, ഈ തിരഞ്ഞെടുപ്പിൽ കോന്നിയിൽ കൂടുതൽ ശ്രദ്ധ നൽകണമെന്നത് പാർട്ടി നേതൃത്വം തന്നെയാണ് എന്നോട് ആവശ്യപ്പെട്ടത്. ഒപ്പം കോന്നിയിൽ മത്സരിക്കണമെന്ന് നിങ്ങൾ പ്രകടിപ്പിച്ച സ്‌നേഹവും പ്രതീക്ഷയും എനിക്ക് വാക്കുകളിൽ പറയാനാകാത്ത ആത്മബന്ധവും കരുത്തുമാണ് നൽകുന്നത്. എന്നാൽ ഈ പ്രാവശ്യം കോന്നിയിൽ മത്സരിക്കാൻ അവസരം ലഭിക്കാതിരുന്നത് നിങ്ങളിൽ നിരാശ ഉണ്ടാക്കുന്നുണ്ടെന്ന് ഞാൻ ആഴത്തിൽ മനസ്സിലാക്കുന്നു… എന്റെ പ്രിയപ്പെട്ടവർ ഒരു കാര്യം മനസിലാക്കുക, ഞാൻ ചെയ്തത് പാർട്ടി നിർദ്ദേശം അനുസരിക്കുക മാത്രമാണ്. സ്ഥാനമോഹത്താലോ അധികാര മോഹത്താലോ അല്ല…
പാർട്ടി പറയുന്നിടത്ത് പ്രവർത്തിക്കുക എന്നതാണ് എന്റെ രാഷ്ട്രീയ വിശ്വാസം. അതുകൊണ്ട് ഒരു കാര്യം നമ്മൾ ഒരിക്കലും മറക്കരുത് നമ്മൾ വ്യക്തികളോട് മാത്രമല്ല, ഒരു പ്രസ്ഥാനത്തോടാണ് ബന്ധപ്പെട്ടു നിൽക്കുന്നത്. പാർട്ടി എടുക്കുന്ന തീരുമാനം നമുക്ക് മാനിക്കേണ്ടതും അതിനൊപ്പം നിൽക്കേണ്ടതും നമ്മുടെ കടമയാണ്. കോന്നി നമ്മുടെ അഭിമാനമാണ്…അത് ഒരാളുടെ മണ്ഡലം അല്ല… നമ്മുടെയൊക്കെ പ്രസ്ഥാനത്തിന്റെ ശക്തിയാണ്. അതുകൊണ്ട് പാർട്ടി നേതൃത്വം തീരുമാനിക്കുന്ന സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക എന്നത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണ്.
ഒരു കാര്യം ഞാൻ ഹൃദയം നിറഞ്ഞ് ഉറപ്പുനൽകുന്നു ഞാൻ എവിടെയായാലും, കോന്നിയിലും ആറ്റിങ്ങലിലും, കേരളം മുഴുവനും യു.ഡി.എഫ് വിജയത്തിനായി നിങ്ങളോടൊപ്പം ഉണ്ടാകും. നമ്മൾ ഒരുമിച്ച് നിന്നാൽ മാത്രമേ വിജയിക്കാനാകൂ… നമ്മുടെ ലക്ഷ്യം ഒന്നാണ്… നാം ഒന്നായി നിൽക്കണം ജനദ്രോഹ ഇടത് ഭരണം അവസാനിപ്പിക്കണം. നിങ്ങളുടെ സ്‌നേഹവും വിശ്വാസവും എന്റെ ശക്തിയാണ്… അത് ഞാൻ ഒരിക്കലും മറക്കില്ല.














































