ടെഹ്‌റാൻ: ഇറാന്റെ സുപ്രധാന നഗരമായ ഇസ്ഫഹാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്താനൊരുങ്ങുന്നു. ആക്രമണത്തിന് മുന്നോടിയായി മേഖലയിലെ ജനങ്ങളോട് അടിയന്തരമായി ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേൽ പ്രതിരോധ സേന മുന്നറിയിപ്പ് നൽകി. ഐ.ഡി.എഫിന്റെ പേർഷ്യൻ ഭാഷാ വക്താവ് ലെഫ്റ്റനന്റ് കേണൽ കമൽ പെൻഹാസിയാണ് ഔദ്യോഗിക പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകിയത്.
“അടുത്ത കുറച്ച് മിനിറ്റുകൾക്കുള്ളിൽ, ഈ മേഖലയിലെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ ഇസ്രയേൽ സൈന്യം ആക്രമിക്കും. പൗരന്മാർ ഉടനടി ഈ പ്രദേശത്ത് നിന്ന് മാറിനിൽക്കുക,” അദ്ദേഹം പറഞ്ഞു.
ഇറാൻ്റെ പ്രധാനപ്പെട്ട സൈനിക കേന്ദ്രങ്ങളും ആണവ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന മേഖലയാണ് ഇസ്ഫഹാൻ എന്നതാണ് ഗൗരവം വർദ്ധിപ്പിക്കുന്നത്. ആക്രമണം എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നതിനാൽ മേഖലയിലെങ്ങും അതീവ ജാഗ്രത തുടരുകയാണ്.


















































