തിരുവനന്തപുരം: തന്നെ ‘തൈക്കിളവി’ എന്ന് വിളിച്ച സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ രൂക്ഷവിമര്‍ശനവുമായി നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. ദുബായിൽ താൻ വസ്ത്രമില്ലാതെ നൃത്തം ചെയ്യുന്ന വിഡിയോ ഉണ്ടെന്ന ശാന്തിവിള ദിനേശന്റെ ആരോപണത്തെ സോഷ്യൽ മീഡിയയിലൂടെ രേണു നേരിട്ട് വെല്ലുവിളിച്ചു. ദിനേശന് ധൈര്യം ഉണ്ടെങ്കിൽ ആ വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണമെന്ന് രേണു സുധി പറഞ്ഞു.
ശാന്തിവിള ദിനേശനെ അപ്പൂപ്പൻ എന്ന് സംബോധന ചെയ്തുകൊണ്ടാണ് രേണു സുധി വിഡിയോ പങ്കുവച്ചത്. ശാന്തിവിള ദിനേശൻ അപ്പൂപ്പാ, കൊറേ ആയല്ലോ താൻ എന്നെ പറ്റി പറയാൻ തുടങ്ങിയിട്ട്. തനിക്ക് നാണമില്ലേ എന്നെ തൈക്കിളവി എന്ന് വിളിക്കാൻ? എടോ എനിക്ക് 34 വയസ്സേ ഉള്ളൂ. എന്നെ തൈക്കിളവി എന്ന് വിളിക്കാൻ നാണം ആകുന്നില്ലേ അപ്പൂപ്പാ നിങ്ങൾക്ക്. താൻ പറഞ്ഞല്ലോ ദുബായിൽ വസ്ത്രം ഇല്ലാതെ ഞാൻ നൃത്തം ചെയ്യുന്ന വിഡിയോ ആരോ തനിക്ക് അയച്ചു തന്നു എന്ന്. തനിക്ക് ധൈര്യം ഉണ്ടെങ്കിൽ അത് സോഷ്യൽ മീഡിയയിൽ ഇടെടോ.’’–രേണു സുധി പറഞ്ഞു.
യൂട്യൂബ് ചാനലിലൂടെയായിരുന്നു ശാന്തിവിള ദിനേശ് രേണു സുധിയെ അധിക്ഷേപിച്ച് സംസാരിച്ചത്. ദുബായിലേക്ക് വേറെ പല പരിപാടികള്‍ക്കും വേണ്ടിയാണ് രേണു പോവുന്നതെന്നാണ് അദ്ദേഹം പറയുന്നത്. കേരളത്തിലെ ഒരു പെണ്ണ് ഇടയ്ക്ക് ദുബായില്‍ പോയി മദ്യപിച്ച്, ഉടുതുണി ഉരിഞ്ഞ് നൃത്തം ചെയ്യും. ആ വിഡിയോ നേരിട്ട് കണ്ടതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പേരെടുത്ത് പറഞ്ഞില്ലെങ്കിലും അദ്ദേഹം രേണുവിനെയാണ് ഉദ്ദേശിക്കുന്നതെന്നായിരുന്നു കമന്റുകള്‍.














































