മലപ്പുറം: അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതിനു പിന്നാലെ പ്രതികരണവുമായി പിവി അൻവർ രംഗത്ത്. അന്വേഷണത്തിന് ഉത്തരവിട്ട ഭൂമി കോടതിയിൽ നിന്ന് ലേലത്തിലെടുത്തതാണ്. അന്വേഷണം നടക്കട്ടെയെന്നും വിശദമായ രേഖകളോടെ വ്യാഴാഴ്ച പത്രസമ്മേളനം വിളിക്കുമെന്നും യാഥാർഥ്യം ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുമെന്നും അൻവർ പറഞ്ഞു.
കോടതിയിൽ നിന്ന് ലേലത്തിലെടുത്ത ഭൂമിയാണ്. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ ഡെൽഹിയിൽ നിന്ന് 2004-ലോ, അഞ്ചിലോ ലേലത്തിൽ പങ്കെടുത്ത് വാങ്ങിയതാണ്. കോടതി നൽകിയ അവകാശമാണ് ഇപ്പോഴും നിലനിൽക്കുന്നതെന്നും അൻവർ കൂട്ടിച്ചേർത്തു.
ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്ന പരാതിയിലാണ് പിവി അൻവറിനെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. പാട്ടത്തിനെടുത്ത ഭൂമി പോക്കുവരവ് നടത്തി സ്വന്തം പേരിലേക്ക് മാറ്റി തട്ടിയെടുത്തുവെന്നാണ് അൻവറിനെതിരേയുള്ള പരാതി. നാല് മാസം മുൻപാണ് ഇതുസംബന്ധിച്ച പരാതി വിജിലൻസിന് ലഭിച്ചത്. വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിലാണ് കൂടുതൽ വിശദമായ അന്വേഷണം നടത്താൻ വകുപ്പ് അഡീഷണൽ സെക്രട്ടറി ഉത്തരവിട്ടത്.