പത്തനംതിട്ട: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്കെതിരെ മാത്രം കേസെടുത്താൽ പോര, മറിച്ച് ദിവ്യയുടെ പ്രസംഗം ചിത്രീകരിച്ച് പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെയും കേസെടുക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു.
അന്നേ ദിവസം നടന്ന പരിപാടിയുടെ സംഘാടക ദിവ്യയല്ലായിരുന്നു. അതിനാൽതന്നെ ദിവ്യ വിളിച്ചാൽ മാധ്യമങ്ങൾ അവിടേക്ക് പോകാൻ പാടില്ലായിരുന്നുവെന്നും ഉദയഭാനു പത്തനംതിട്ടയിൽ മാധ്യമങ്ങളോടു പറഞ്ഞു.
പിപി ദിവ്യയ്ക്കെതിരേ കൂടുതൽ നടപടി വേണ്ടെന്ന് പാർട്ടി തീരുമാനിച്ചിട്ടില്ലെന്നും ഉദയഭാനു പറഞ്ഞു. അതോടൊപ്പം എഡിഎമ്മിന്റെ മരണത്തിൽ കലക്റ്ററുടെ പങ്ക് സംബന്ധിച്ച് സമൂഹത്തിനിടയിൽ പല അഭ്യൂഹങ്ങളുമുണ്ടാകാം. അതിനാൽ സംസ്ഥാന സർക്കാർ അന്വേഷിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.