കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ പരുക്കേറ്റ ജൻസണ്‍ മരണത്തിന് കീഴടങ്ങി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ജൻസൺ വെൻ്റിലേറ്ററിലായിരുന്നു. അൽപ്പനേരം മുമ്പാണ് ശ്രുതിയെ തനിച്ചാക്കി ജൻസൺ ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്. ശ്രുതി അപകട നില തരണം ചെയ്തു, പക്ഷെ ജൻസന്റെ മരണ വിവരം എങ്ങനെ അറിയിക്കുമെന്ന് അറിയില്ലെന്ന് ജൻസന്റെ ബന്ധു അഖിൽ പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് വെള്ളാരംകുന്നിലുണ്ടായ ബസ് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന അമ്പലവയൽ ആണ്ടൂർ പരിമളം വീട്ടിൽ ജയൻ-മേരി ദമ്പതികളുടെ മകൻ ജെൻസൻ (28) മരണത്തിന് കീഴടങ്ങി. 8.57നാണ് ജൻസൺ ഞങ്ങളെ വിട്ടുപിരിഞ്ഞത്. അതിന്റെ ഒരു ഷോക്കിലാണ് ഞങ്ങൾ. ശ്രുതി അപകട നില തരണം ചെയ്തു, പക്ഷെ ജൻസന്റെ മരണവിവരം ശ്രുതിയെ എങ്ങനെ അറിയിക്കും എന്ന ആശങ്കയിലാണ്.ശ്രുതി 15 കിലോമീറ്റർ അപ്പുറമുള്ള ആശുപത്രിയിലാണ്. ശ്രുതിക്ക് ഒരു സർജറി കഴിഞ്ഞു. ബ്ലഡ് നൽകിവരുന്നു. ശ്രുതിയെ ഇവിടെ കൊണ്ടുവരാൻ ഞങ്ങൾ നോക്കി പക്ഷെ സാങ്കേതിമായും അത് നടക്കില്ല. ശ്രുതിക്ക് മാനസിക പിന്തുണ നൽകി തിരികെ കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യമെന്നും അഖിൽ പറഞ്ഞു.
ചൂരൽമല ഉരുൾപൊട്ടലിൽ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരെയുൾപ്പെടെ 9 പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലി സ്ഥലത്തായതിനാലാണ് ശ്രുതി മരണത്തിൽനിന്നു രക്ഷപ്പെട്ടത്. സഹോദരി ശ്രേയയുടെ മൃതദേഹം മാത്രമാണ് ശ്രുതിക്ക് കാണാനായത്. രണ്ട് മാസം മുൻപ് പുതിയ വീടിന്റെ പാലു കാച്ചലും ശ്രുതിയുടെ വിവാഹ നിശ്ചയവും ഒരുമിച്ചാണ് നടത്തിയത്.
ഉരുളിനുശേഷം ആ വീടിരുന്നിടത്ത് കല്ലും ചെളിയും മാത്രം ശേഷിച്ചു. ശ്രുതിയുടെ വിവാഹത്തിനായി കരുതിവച്ചിരുന്ന 4 ലക്ഷം രൂപയും 15 പവൻ സ്വർണവും ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപിൽ എത്തിയ ശ്രുതിയുടെ ഒപ്പം രാവിലെ മുതൽ വൈകിട്ട് വരെ ജെൻസൻ ഉണ്ടായിരുന്നു. ഉടുതുണി മാത്രം ബാക്കിയുണ്ടായിരുന്ന ശ്രുതിക്ക് ജെൻസനായിരുന്നു ഏക ബലം. ഉയിരായി കൂടെയുണ്ടായിരുന്ന ജെൻസനും ഒടുവിൽ അപകടത്തിൽ യാത്രയായി.
ഉരുൾപൊട്ടലിൽ മരിച്ച കുടുംബാംഗങ്ങളുടെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കിയശേഷം ഈ മാസം വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാൽ മാതാപിതാക്കൾക്കൊപ്പം ജെൻസന്റെ കർമങ്ങൾക്കും സാക്ഷ്യം വഹിക്കേണ്ട അവസ്ഥയിലായി ശ്രുതി. കൽപറ്റയിലെ വീട്ടിൽനിന്നും ലക്കിടിയിലേക്ക് പോകവെയാണ് ജെൻസനും ശ്രുതിയും ബന്ധുക്കളും സഞ്ചരിച്ച വാൻ ബസിൽ ഇടിച്ചത്. ജെൻസനാണ് വാൻ ഓടിച്ചതെന്നാണ് വിവരം.
തലയിൽ രക്തസ്രാവമുണ്ടായതിനാൽ രക്ഷപ്പെടാൻ സാധ്യത കുറവാണെന്ന് ഡോക്ടർമാർ സൂചിപ്പിച്ചിരുന്നു. അപകടത്തിൽ കാലിനു പരുക്കേറ്റ ശ്രുതി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മേപ്പാടിയിലെ ദുരിതാശ്വാസ ക്യംപിൽ ശ്രുതിയുടെ കൈപിടിച്ചു നടന്ന ജെൻസൻ ക്യാംപിലുണ്ടായിരുന്നവരുടെയെല്ലാം ഹൃദയം കവർന്നിരുന്നു. ഒരിക്കലും ശ്രുതിയെ ഒറ്റയ്ക്കാക്കി പോകില്ലെന്ന് ജെൻസൻ ഇടയ്ക്കിടെ പറയുമായിരുന്നു. ക്യാംപിൽ നിന്നും ശ്രുതി ബന്ധുക്കളുടെ ഒപ്പം കൽപറ്റയിലെ വാടക വീട്ടിലേക്കാണ് താമസം മാറിയത്. വീട്ടിൽ ഇരുന്നു മടുത്ത ശ്രുതിക്ക് ആശ്വാസം നൽകാനാണ് ജെൻസൻ ലക്കിടിയിലേക്ക് യാത്ര പുറപ്പെട്ടത്. ആ യാത്ര, അവസാന യാത്രയായി.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി. ശ്രുതിയുടെ അച്ഛൻ കെട്ടിട നിർമാണ ജോലിക്കാരനും അമ്മ കടയിലെ ജീവനക്കാരിയുമായിരുന്നു. മേപ്പാടി പഞ്ചായത്തിലെ പത്താം വാർഡ് മുൻ മെംബർ കൂടിയായിരുന്നു അമ്മ സബിത. കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായിരുന്നു അനുജത്തി ശ്രേയ. ഉരുൾപൊട്ടലിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ അച്ഛനെയും അനുജത്തിയെയും തിരിച്ചറിഞ്ഞ് സംസ്കാര ചടങ്ങുകൾ നടത്താനായി. ഡിഎൻഎ പരിശോധനയിലൂടെയാണ് അമ്മയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.
അതിനു ശേഷം ഓഗസ്റ്റ് 30ന് ജെൻസനും ശ്രുതിയും ഒരുമിച്ചാണ് അമ്മയെ സംസ്കരിച്ച പൊതുശ്മശാനത്തിൽ എത്തിയത്. രണ്ടു മത വിഭാഗങ്ങളിൽ നിന്നുള്ള ശ്രുതിയും ജെൻസനും സ്കൂൾ കാലം മുതൽ സുഹൃത്തുക്കളാണ്. ആ പ്രണയമാണ് വിവാഹനിശ്ചയത്തിലെത്തിയത്. ഈ ഡിസംബറിൽ നടത്താനിരുന്ന വിവാഹം ശ്രുതിയുടെ ഉറ്റവർ എല്ലാവരും മരിച്ചതിനാൽ നേരത്തെയാക്കാൻ തീരുമാനിക്കുകയായിരുന്നു. വിവാഹം റജിസ്റ്റർ ചെയ്യാനായിരുന്നു ഇരുവർക്കും ആഗ്രഹം.
ഇന്നലെ വൈകുന്നേരം കൽപറ്റയിലെ വെള്ളാരംകുന്നിൽ വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഉരുൾപൊട്ടൽ ദുരന്തത്തിൽ അമ്മയെയും അച്ഛനെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജൻസൺ.
ജൻസൻ്റെ ആരോഗ്യനില ഗുരുതരമാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. വെൻ്റിലേറ്ററിൽ തുടരുന്ന ജെൻസണ് വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു നാട്ടുകാർ. എന്നാൽ എല്ലാ പ്രതീക്ഷകളും ബാക്കിയാക്കി ജൻസണ്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Jenson Friend about Accident death