ബ്രിട്ടീഷുകാരുടെ കേരള നമുക്ക് വേണ്ട,​ കേരളം തിരിച്ചു പിടിച്ച് സർക്കാർ

തിരുവനന്തപുരം: കേരളത്തിന്റെ പേര് ബ്രിട്ടീഷുകാർ ഉപയോ​ഗിച്ചിരുന്ന കേരള എന്നത് വേണ്ട, സംസ്ഥാനത്തിന്റെ പേര് ഭരണഘടനയില്‍ കേരളം എന്നാക്കണമെന്ന് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിന്റെ പേരുമാറ്റുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചത്. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ ഐകകണ്‌ഠേന അംഗീകരിച്ചു.

ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ നമ്മുടെ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേരളം എന്നാക്കി ഭേദഗതി വരുത്തുന്നതിന് ആവശ്യമായ നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം മൂന്ന് പ്രകാരം കൈക്കൊള്ളണമെന്ന് ഈ സഭ ഐകകണ്‌ഠേന ആവശ്യപ്പെടുന്നു. പ്രമേയം മുഖ്യമന്ത്രി വായിച്ചു.

സ്വാതന്ത്ര്യം ലഭിച്ചശേഷവും ഭരണഘടനയില്‍ ഗവണ്‍മെന്റ് ഓഫ് കേരള എന്ന് തുടരുന്ന സംസ്ഥാനത്തിന്റെ പേര് മാറ്റണം എന്നത് ദീര്‍ഘകാലമായുള്ള ആവശ്യമാണ്. കഴിഞ്ഞ വര്‍ഷം പേര് മാറ്റത്തില്‍ നിയമസഭ പ്രമേയം പാസാക്കിയിരിന്നു. നൂറ്റാണ്ടുകളായി കേരളം എന്ന പേര് സാഹിത്യത്തിലും ചരിത്രത്തിലും ഉണ്ടായിട്ടും അത് കേരള ആയി മാറിയത് ബ്രിട്ടീഷുകാരുടെ പ്രയോഗം കാരണമാണ്. ഐക്യ കേരളം പിറന്ന് ആറര പതിറ്റാണ്ടായിട്ടും ‘കേരളം’ എന്ന പേര് തിരിച്ചുപിടിച്ച് എല്ലാ രേഖകളിലും ഒരേപോലെയാക്കാൻ മലയാളികൾക്ക് കഴിഞ്ഞില്ല. മലയാളത്തിൽ സംസ്ഥാനം കേരളം എന്നാണ്. പക്ഷെ സർക്കാർ രേഖകളിൽ പോലും ഇംഗ്ലീഷിൽ ഇപ്പോഴുമുള്ളത് ഗവൺമെൻറ് ഓഫ് കേരള എന്നാണ്.

ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും പേര് മാറ്റത്തിനായിരുന്നു ആവശ്യം. എന്നാല്‍, ഒന്നാം പട്ടികയില്‍ മാത്രം പേര് മാറ്റിയാല്‍ മതി എന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതേത്തുടര്‍ന്നാണ് പുതിയ പ്രമേയം അവതരിപ്പിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular