സ്വര്‍ണവില സർവകാല റെക്കോർഡിൽ; പവന് 47,080 രൂപ,​ വാങ്ങാൻ 51,​000 നൽകണം

കൊച്ചി: ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് 47,000 കടന്നു. തിങ്കളാഴ്ച പവന്റെ വില 320 രൂപ ഉയര്‍ന്ന് 47,080 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 5885 രൂപയിലുമെത്തി. ഇതോടെ 10 മാസത്തിനിടെ സ്വര്‍ണവിലയിലുണ്ടായ വര്‍ധന 6,360 രൂപയാണ്.

18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 4,885 രൂപയായി. സ്വര്‍ണത്തിനൊപ്പം വെള്ളി വിലയും കയറുകയാണ്. ഇന്ന് ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 84 രൂപയിലാണ് വ്യാപാരം. കഴിഞ്ഞ ഡിസംബര്‍ രണ്ടിലെ 46,760 രൂപയുടെ റെക്കോഡാണ് പവന്‍ വില ഇന്ന് തിരുത്തിയത്. ഗ്രാമിന് അന്ന് 5,845 രൂപയായിരുന്നു.

യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്ക് കുറച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവില റെക്കോഡ് ഉയരത്തിലെത്തിച്ചത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഒരു ട്രോയ് ഔണ്‍സിന് റെക്കോഡ് നിലവാരമായ 2,146 ഡോളറിലെത്തി. 2077 ഡോളറായിരുന്നു മുൻ റെക്കോർഡ്. ഇന്ന് രാവിലെ യുകെ സ്വർണ്ണമാർക്കറ്റിൽ 2146 ഡോളർ വരെ എത്തി. ഇന്ത്യൻ മാർക്കറ്റ് തുറന്നപ്പോൾ 2087 ആയി കുറഞ്ഞെങ്കിലും അന്താരാഷ്ട്ര മാർക്കറ്റിൽ സർവ്വകാല റിക്കാർഡിലെത്തി.

റെക്കോഡില്‍ നിന്നുള്ള ഈ കുരവാണ് കേരളത്തില്‍ ഇന്നത്തെ വില വര്‍ധന ഗ്രാമിന് 40 രൂപയില്‍ പിടിച്ചുനിറുത്തിയത്. അല്ലാത്തപക്ഷം, കൂടുതല്‍ വില വര്‍ധന ഉണ്ടാകുമായിരുന്നു.
സ്വര്‍ണ വിലക്കുതിപ്പ് ഇനിയും തുടരുമെന്നാണ് പൊതുവിലയിരുത്തല്‍. 2024ന്റെ മദ്ധ്യത്തോടെ രാജ്യാന്തര വില 2,200 ഡോളര്‍ ഭേദിച്ചേക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു. അതോടെ, കേരളത്തിലെ വില പവന് 55,000-60,000 രൂപ നിരക്കിലെത്തിയേക്കാം.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 64,000 നിലവാരത്തിലാണ്. യുഎസിലെ കടപ്പത്ര ആദായം കുറഞ്ഞതാണ് സ്വര്‍ണം നേട്ടമാക്കിയത്. വരുംദിവസങ്ങളിലും വിലവര്‍ധന തുടരാനാണ് സാധ്യത.

രൂപയുടെ വിനിമയ നിരക്ക് 83.31 ലാണ്.

24 കാരറ്റ് സ്വർണ്ണക്കട്ടിയുടെ ബാങ്ക് നിരക്ക് 65.85 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്.
സ്വർണ്ണത്തിൽ നിക്ഷേപിച്ചിട്ടുള്ള വൻകിടക്കാർ ലാഭം എടുത്ത് പിന്മാറാതിരുന്നാൽ വില വീണ്ടും വർദ്ധിക്കുമെന്നാണ് സൂചനകൾ. 2200 ഡോളർ മറികടക്കുമെന്ന പ്രവചനങ്ങളും വരുന്നുണ്ട്. വിലവർദ്ധനവ് വിപണിയിൽ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വ്യാപാരം മന്ദഗതിയിലാണെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ പത്രം ഓണ്‍ലൈനിനോട് പറഞ്ഞു.

വാങ്ങാൻ 51,​000 രൂപ

ഇന്ന് പവന് 47,080 രൂപയാണെങ്കിലും ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാൻ ഈ വിലയോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപ എച്ച്.യു.ഐ.ഡി (ഹോള്‍മാര്‍ക്ക്) ഫീസും അതിന്റെ 18 ശതമാനം ജി.എസ്.ടിയും, പിന്നെ ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും ചേര്‍ത്താല്‍ മിനിമം 51,000 രൂപയെങ്കിലും നൽകേണ്ടിവരും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7