അന്ന് ആക്രാന്തത്തോടെ ഷവർമയും മയോണൈസും കഴിച്ചു, ആശുപത്രിയിൽ ചെലവായത് 70,000 -അൽഫോൺസ് പുത്രൻ

സിനിമാ സംവിധായകൻ എന്നതിലുപരി സാമൂഹികപ്രശ്നങ്ങളിൽ സ്വന്തം നിലപാട് തുറന്നുപ്രകടിപ്പിക്കുന്ന വ്യക്തിയാണ് അൽഫോൺസ് പുത്രൻ. കോട്ടയത്ത് ഹോട്ടലിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അൽഫോൺസിന്റെ പുതിയ സോഷ്യൽ മീഡിയാ പോസ്റ്റ്. വർഷങ്ങൾക്ക് മുമ്പ് ആലുവയിലെ ഒരു ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം കഴിച്ചതുകൊണ്ടുണ്ടായ ​ആശുപത്രിവാസത്തേക്കുറിച്ചാണ് അൽഫോൺസ് ഫെയ്സ്ബുക്കിൽ എഴുതിയത്. കോട്ടയത്തെ നഴ്സിന്റെ മരണവുമായി ബന്ധപ്പെട്ട് വന്ന വാർത്തയും സംവിധായകൻ ഷെയർ ചെയ്തിട്ടുണ്ട്.

നടൻ ഷറഫുദ്ദീന്റെ ട്രീറ്റായിരുന്നു അന്നെന്നും ഷവർമയും മയോണൈസും കഴിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായെന്നും അൽഫോൺസ് പറഞ്ഞു. അന്ന് ഒരു കാരണവുമില്ലാതെ ഷറഫു​ദ്ദീനോട് കടുത്ത ദേഷ്യം തോന്നി. ചികിത്സയ്ക്കായി 70,000 രൂപയാണ് ചെലവായത്. പഴയ ഭക്ഷണമായിരുന്നു തന്റെ അവസ്ഥയ്ക്കു കാരണം അദ്ദേഹം വ്യക്തമാക്കി.

‘‘സിനിമാ നിരൂപകരേ, ട്രോളന്മാരേ, ഇതുപോലുള്ള പ്രശ്നങ്ങളിൽ നിങ്ങൾ വിഡിയോ ചെയ്യൂ. പതിനഞ്ച് വർഷം മുമ്പ് ആലുവയിലെ ഒരു കടയിൽ നിന്നും ഞാനൊരു ഷവർമ കഴിക്കുകയുണ്ടായി. അന്ന് ഷറഫുദ്ദീന്റെ ട്രീറ്റ് ആയിരുന്നു. വലിയ ആക്രാന്തത്തോടെ ഷവർമയും മയോണൈസും വലിച്ചുകയറ്റി. അടുത്ത ദിവസം കടുത്ത വയറുവേദന മൂലം ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സ തേടുകയുണ്ടായി. അന്ന് എന്റെ ചികിത്സക്കായി 70000 രൂപയാണ് മാതാപിതാക്കൾ ചെലവാക്കിയത്. ആശുപത്രിയിലെ എംസിയു വിഭാഗത്തിലാണ് ഞാൻ കിടന്നത്. ഒരു കാരണവുമില്ലാതെ ഷറഫുദ്ദീനോടും എനിക്ക് ദേഷ്യമുണ്ടായി. എന്നാൽ അണുബാധിതമായ പഴയ ഭക്ഷണമായിരുന്നു എന്റെ അവസ്ഥയ്ക്കു കാരണം. ആരാണ് ഇവിടെ യഥാർഥ കുറ്റവാളി. കണ്ണുതുറന്ന് സത്യമെന്തെന്ന് നോക്കുക. ജീവിതം അമൂല്യമാണ്. അൽഫോൺസ് എഴുതി.

ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ പോലെ ഉള്ളവർ ഇതിനു ശക്തമായ നടപടി എടുക്കണമെന്ന് പോസ്റ്റിന് വന്ന ഒരു പ്രതികരണത്തിന് മറുപടിയായി അൽഫോൺസ് പുത്രൻ എഴുതി. “ഫുഡ് സേഫ്റ്റി” എന്ന പുതിയൊരു മിനിസ്ട്രി തന്നെ വരണം. അതിനു കേരളത്തിൽ നിന്ന് മാത്രം പുതിയ കിടിലം ഫുഡ് ഇൻസ്‌പെക്ഷൻ ടീം സ്റ്റാർട്ട് ചെയ്തു പ്രവർത്തിക്കണം. എല്ലാരും നല്ല ഭക്ഷണം മാത്രം വിറ്റാൽ മതി. ഭക്ഷണം കഴിക്കാൻ പണം വേണം. പണം ഉണ്ടാക്കാൻ നല്ല വിദ്യാഭ്യാസത്തിനൊപ്പം നല്ല ഫുഡ് നിർബന്ധം ആണ്. അതിനൊക്കെ എല്ലാ അപ്പന്മാരും അമ്മമാരും നല്ല പണിയെടുത്തിട്ടാണ് ഭക്ഷണം വാങ്ങാൻ പണം ചെലവാക്കുന്നത്. അതുകൊണ്ട് ഇതിന്റെ കാര്യം ഒരു തീരുമാനം എടുക്കണം.

അന്ന് എന്റെ അപ്പനും അമ്മയും ബന്ധുക്കളോടും കൂട്ടുകാരോടും പലിശക്കാരോടും കെഞ്ചി ചോദിച്ചതുകൊണ്ടും എന്റെ അപ്പനും അമ്മയും അത് എങ്ങനെയെങ്കിലും തിരിച്ചു കൊടുക്കും എന്നുള്ള പ്രതീക്ഷ ഉള്ളത് കൊണ്ടുമാണ് അന്ന് 70,000 രൂപ കൊടുത്തു എന്റെ ജീവൻ അവിടത്തെ നല്ല ഡോക്ടർമാർക്ക് രക്ഷിക്കാൻ പറ്റിയത്. ഇന്ന് ആണെങ്കിൽ അത് മിനിമം ഏഴു ലക്ഷം രൂപ വരും. ഈ ഏഴ് ലക്ഷം രൂപ ഒരു വിസ്മയം പോലെ വന്നതാണ്. അത് പോലെ എല്ലാവർക്കും എപ്പോഴും വിസ്മയം സംഭവിക്കും എന്ന് ഞാൻ ഒട്ടും വിശ്വസിക്കുന്നില്ലെന്നും അൽഫോൺസ് പറഞ്ഞു..

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7