പി.എഫ്‌.ഐ. കേന്ദ്രങ്ങളില്‍ സംസ്ഥാന വ്യാപകമായി വീണ്ടും എന്‍.ഐ.എ. റെയ്ഡ്

തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ വീണ്ടും എന്‍.ഐ.എ. റെയ്ഡ്. സംസ്ഥാന വ്യാപകമായി 56 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. എറണാകുളം ജില്ലയില്‍ മാത്രം 12 ഇടങ്ങളില്‍ എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്. പ്രാദേശിക പോലീസിന്റെ സഹായത്തോടെയാണ് റെയ്ഡ്.

പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍നിര നേതാക്കളില്‍ പലരും നേരത്തെ തന്നെ അറസ്റ്റിലായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ടാംനിര നേതാക്കളെ ലക്ഷ്യമിട്ടാണ് നിലവിലെ പരിശോധനയെന്നാണ് വിവരം. നേതാക്കളുടെ വീടുകളിലും പ്രധാന കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചിരുന്ന ഇടങ്ങളിലുമാണ് പരിശോധന നടത്തുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള എന്‍.ഐ.എ. ഉദ്യോഗസ്ഥരും റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് റെയ്ഡ് ആരംഭിച്ചതെന്നാണ് സൂചന.

അതേസമയം നേതാക്കളെ ആരെയും ഇതുവരെ കസ്റ്റഡിയില്‍ എടുത്തതായി വിവരമില്ല. റെയ്ഡിന് മുമ്പ് തന്നെ നേതാക്കളാലും സ്ഥലത്തുണ്ടായിരുന്നില്ല. സംഘടനയുടെ സാമ്പത്തിക സ്രോതസുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പടെ അന്വേഷിച്ചാണ് വീണ്ടും പരിശോധന നടക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ തിരുവനന്തപുരം സോണല്‍ സെക്രട്ടറി മുഹമ്മദ് റാഷിദിന്റെ വീട്, കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പി.എഫ്.ഐ. ജില്ലാ പ്രസിഡന്റായിരുന്ന സുനീര്‍ മൗലവിയുടെ വീട്, ഈരാറ്റുപേട്ടയില്‍ മുന്‍ ജില്ലാ സെക്രട്ടറി ബിഷുറുള്‍ ഹാഫിയുടെ വീട് ഉള്‍പ്പടെയുള്ള വിവിധ നേതാക്കളുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7