തിരുവനന്തപുരം: പോലീസിലെ ഫണ്ട് വിനിയോഗത്തില്‍ ഗുരുതര ക്രമക്കേടും ധൂര്‍ത്തും ആരോപിച്ച് ആഭ്യന്തര വകുപ്പ്. സര്‍ക്കാര്‍ അനുമതിയില്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പോലീസ് ലക്ഷങ്ങള്‍ ചെലവാക്കിയതാണ് വിവാദമായിരിക്കുന്നത്. വഴിവിട്ട ധനവിനിയോഗത്തിന്റെ ഉത്തരവാദിത്വം. ഡിജിപിയ്ക്കാണെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തി.
സംസ്ഥാന പോലീസ് അക്കാദമിയിലെ പച്ചക്കറിത്തോട്ടത്തിന്റെ മതിലിന്റെ ഉയരം കൂട്ടുന്നതിനായി 24 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഈ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ നാല് ലക്ഷം രൂപ ബാക്കിവന്നു. ആ തുകയും നേരത്തെ മെസ്സ് ഹാള്‍ നവീകരണത്തിനായി അനുവദിച്ച തുകയില്‍ നിന്ന് ബാക്കിയായ നാല് ലക്ഷം രൂപയും ഉപയോഗിച്ച് പോലീസ് അക്കാദമിയില്‍ ആംഫി തീയറ്റര്‍ പണിയുന്നതിനുള്ള അനുമതി സംസ്ഥാന പോലീസ് മേധാവി സ്വമേധയാ നല്‍കി. ഇത് സര്‍ക്കാര്‍ അറിഞ്ഞില്ല. ഈ നിര്‍മാണത്തിന് ശേഷം ബാക്കിയായ ഒരു ലക്ഷത്തോളം രൂപ പോലീസ് അക്കാദമിയില്‍ തന്നെയുള്ള വെഹിക്കിള്‍ ഷെഡ്ഡിന്റെ നവീകരണത്തിനായി ഉപയോഗിക്കാനും പോലീസ് മേധാവി അനുമതി നല്‍കി. ഇതും സര്‍ക്കാര്‍ അറിഞ്ഞില്ല.
പിന്നീട് ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി തേടി പോലീസ് മേധാവി സര്‍ക്കാരിന് കത്തയച്ചു. ഇതിന് ആഭ്യന്തര വകുപ്പ് നല്‍കിയ മറുപടി കത്തിലാണ് പോലീസ് മേധാവിയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമുള്ളത്. പലതവണ പോലീസിന്റെ ഭാഗത്ത് നിന്ന് ഈ രീതിയില്‍ ചട്ടലംഘനം നടന്നിട്ടുള്ളതായി കത്ത് വ്യക്തമാക്കുന്നു.
ഏത് പദ്ധതിയായാലും പ്ലാനും എസ്റ്റിമേറ്റും നല്‍കി അതിന് സര്‍ക്കാരില്‍ നിന്ന് അനുമതി നേടിയിരിക്കണം എന്നാണ് ചട്ടം. അതിന് അനുവദിക്കുന്ന തുക ആ പദ്ധതിയ്ക്ക് വേണ്ടി മാത്രമുള്ളതാണ്. അനുവദിച്ച ഫണ്ടില്‍ ബാക്കി വന്നാല്‍ അത് മറ്റ് പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതിയില്ലാതെ ഉപയോഗിക്കാന്‍ പാടില്ല. അങ്ങനെ ബാക്കി തുക വന്നാല്‍ അത് റവന്യൂ വകുപ്പിലേക്ക് തിരിച്ചടയ്ക്കണം. ഇത് പാലിക്കാന്‍ പോലീസിന് ബാധ്യതയുണ്ട്. അല്ലാത്തപക്ഷം, ചട്ടലംഘനത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം പദ്ധതികള്‍ക്ക് അനുമതി നല്‍കിയ പോലീസ് മേധാവിക്കും ബന്ധപ്പെട്ടമറ്റ് ഉദ്യോഗസ്ഥര്‍ക്കുമാണെന്ന് സര്‍ക്കാര്‍ കത്തില്‍ വ്യക്തമാക്കി.
പൃഥ്വിരാജ് – ആസിഫ് അലി – ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രെയിലര്‍ പുറത്തിറങ്ങി