ദുബായ് : ഫുട്ബോള്‍ ലോകകപ്പ് ആവേശത്തിലാണ് ലോകം മുഴുവനും…കേരളവും ആവേശത്തില്‍ ഒട്ടും പുറകിലല്ല.. കേരളത്തിലെ ആരാധകര്‍ക്കായി മെസ്സിയുടെ സമ്മാനം…അതെ കാല്പന്തുകളിയുടെ രാജാവ് ഒപ്പു ചാര്‍ത്തിയത് ഒരു നാടിന്റെ തുടിക്കുന്ന ഹൃദയത്തിനു മുകളിലാണ്. ലയണല്‍ മെസ്സിയുടെ ആരാധകരുടെ എണ്ണത്തില്‍ മറ്റൊരു അര്ജന്റീനയായ കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ക്കായി സൂപ്പര്‍താരം ഒപ്പുവച്ച ടീം ജഴ്സി. ഖത്തര്‍ ലോകകപ്പിന് ദോഹയിലേക്കു പറക്കും മുന്‍പ് അബുദാബിയില്‍ വച്ചാണ് മലയാളി സുഹൃത്തുക്കളായ ബിസിനസുകാരന് മാമ്പിള്ളില്‍ രാജേഷ് ഫിലിപ്പിനും കണ്‍സല്‍റ്റന്റ് ഡോ. രാജീവ് മാങ്കോട്ടിലിനുമായി മെസ്സി ജഴ്സിയില്‍ ഒപ്പുചാര്‍ത്തിയത്.
ആ സുവര്‍ണ നിമിഷത്തെക്കുറിച്ച് രാജേഷും ഡോ. രാജീവും പറയുന്നു:
അതീവ സുരക്ഷയിലാണ് മെസ്സിയുടെ താമസം. അവിടെ ഹോട്ടല്‍ ഫ്ലോറിലേക്ക് എത്താന്‍ പോലും പ്രത്യേകാനുമതി വേണം. മെസ്സിയുടെ സഹയാത്രികരുടെ പ്രത്യേകാനുമതിയോടെ കഴിഞ്ഞ ദിവസം രാവിലെ ഹോട്ടലിലെത്തി. മെസ്സിയും ടീം ഒഫിഷ്യലുകളും മാത്രമുള്ളപ്പോഴായിരുന്ന കൂടിക്കാഴ്ച. കേരളത്തെക്കുറിച്ചും ഓട്ടോഗ്രാഫിനെക്കുറിച്ചും സൂചിപ്പിച്ചു. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന ടീം ധരിക്കുന്ന ജഴ്സി കയ്യില്‍ കരുതിയിരുന്നു. അതു മെസ്സിക്കു നല്കി. അദ്ദേഹം അതില്‍ ഒപ്പുവച്ചു.
ഈ ജഴ്സി വെറുമൊരു ജഴ്സിയല്ല, കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ക്കു ലോകത്തെ ഏറ്റവും വിലപ്പെട്ട കളിക്കാരന് നല്കിയ സ്നേഹ സമ്മാനമാണ് – രാജേഷും രാജീവും പറഞ്ഞു.
സ്പാനിഷ് ഫുട്ബോള്‍ ക്ലബ് ബാര്‍സിലോനയുടെ താരമായിരുന്ന കാലത്താണ് മെസ്സിയുമായി രാജേഷും രാജീവും പരിചയപ്പെടുന്നത്. മുന്‍പു പല തവണ നടത്തിയ കൂടിക്കാഴ്ചകളില്‍ കേരളത്തിലെ ഫുട്ബോള്‍ ലഹരിയെക്കുറിച്ചു മെസ്സിയോട് സൂചിപ്പിച്ചിരുന്നു. ലാറ്റിനമേരിക്ക പോലെ ഫുട്ബോള്‍ ലഹരിയുള്ളൊരു നാടാണു കേരളമെന്നതു മെസ്സിക്ക് അദ്ഭുതമായിരുന്നുവെന്നു രാജേഷും രാജീവും പറഞ്ഞു.
”മെസ്സിയുടെ വീട്ടിലും ഓഫിസിലുമെല്ലാം ചെല്ലാനുള്ള സ്വാതന്ത്ര്യം വൈകാതെ ലഭിച്ചു. മെസ്സിയുടെ ഫാമിലി ടിക്കറ്റില്‍ മത്സരം കാണാനുള്ള അവസരം വരെ ലഭിച്ചു. അത്രയും സ്നേഹ വായ്പോടെയാണ് മെസ്സി ഓരോരുത്തരോടും പെരുമാറുന്നത്. ലോകകപ്പില്‍ മെസ്സിയുടെ കളി കാണാന്‍ കാത്തിരിക്കുന്ന എല്ലാവര്ക്കും ഈ ഒപ്പ് ഒരു സമ്മാനമാണ്” – രാജേഷ് പറഞ്ഞു.