എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭച്ഛിദ്രത്തിന് അവകാശമുണ്ട്; വൈവാഹികനില പരിഗണിക്കേണ്ടെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഗര്‍ഭിണികളായ എല്ലാ സ്ത്രീകള്‍ക്കും സുരക്ഷിതമായ ഗര്‍ഭഛിദ്രത്തിന് നിയമപരമായ അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ വിവാഹിതര്‍, അവിവാഹിതര്‍ എന്ന വേര്‍തിരിവ് ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഗര്‍ഭഛിദ്ര കേസുകളില്‍ ഭര്‍ത്താവിന്റെ ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാമെന്നും സുപ്രധാനമായ നിരീക്ഷണവും കോടതി നടത്തി. ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണികളാവുന്ന സ്ത്രീകള്‍ക്കും (ഭര്‍തൃബലാത്സംഗം) ഗര്‍ഭഛിദ്രത്തിന് അവകാശം ഉണ്ട്.

അവിവാഹിതരായ സ്ത്രീകള്‍ക്കും ചട്ടപ്രകാരം ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതിനായി പ്രത്യേക അനുമതിയുടെ ആവശ്യമില്ല. 2021-ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഗര്‍ഭഛിദ്ര ചട്ടങ്ങളില്‍ വിവാഹിതര്‍, അവിവാഹിതര്‍ എന്ന വേര്‍തിരിവ് നടത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചട്ടങ്ങളില്‍ വിവാഹിതയായ സ്ത്രീക്ക് മാത്രമേ ഗര്‍ഭഛിദ്രത്തിന് അവകാശമുള്ളൂ എന്ന് പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഗര്‍ഭഛിദ്രം നടത്തണമോയെന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്ക് മാത്രമാണ്. അവിവാഹിതയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നിഷേധിക്കുന്നത് വിവാഹത്തിലൂടെ മാത്രമേ ലൈംഗിക ബന്ധം പാടുള്ളൂവെന്ന യാഥാസ്ഥിതിക പൊതുബോധം ഊട്ടിയുറപ്പിക്കുന്നതാണ്. ഇത് ഭരണഘടനാപരമല്ല. പ്രത്യുത്പാദനത്തിനുള്ള സ്വയം നിര്‍ണയാധികാരം വിവാഹിതയല്ലാത്ത സ്ത്രീക്കും ഭരണഘടന നല്‍കുന്നുണ്ടെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഗര്‍ഭഛിദ്ര ചട്ടങ്ങള്‍ പ്രകാരം ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ സ്ത്രീക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാം. ഭര്‍ത്താവ് നടത്തിയ ലൈംഗിക പീഡനവും ഈ നിയമപ്രകാരം ബലാത്സംഗമയി കണക്കാക്കി ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കണമെന്ന് വിധി വ്യക്തമാക്കുന്നു. ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് വിധിയിലെ ഈ സുപ്രധാന നിരീക്ഷണങ്ങള്‍.

ഗര്‍ഭഛിദ്രത്തിന് അനുമതി തേടി 24 ആഴ്ച ഗര്‍ഭിണിയായ അവിവാഹിതയായ സ്ത്രീ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. വിവാഹിതയല്ലെന്ന കാരണത്താല്‍ ഡല്‍ഹി ഹൈക്കോടതി ഇവര്‍ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ചിരുന്നു. അത്തരത്തില്‍ അനുമതി നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ എസ് ബൊപ്പണ്ണ, ജെ.ബി പര്‍ഡിവാല എന്നിവര്‍ അടങ്ങിയ ബെഞ്ച് വിധിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7