പൂഞ്ഞാർ: മുൻ എം.എൽ.എ പി.സി ജോർജിനെ തിരഞ്ഞ് പോലീസ്. പാലാരിവട്ടം വെണ്ണലയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി രാവിലെ പി.സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് മുൻ എം.എൽ.എ-യെ തേടി ഈരാറ്റുപേട്ടയിലെ വീട്ടിൽ തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയത്. എന്നാൽ എംഎൽഎ ഒളിവിൽ പോയതായാണ് സൂചന.
നടക്കുന്നത് പോലീസിന്റെ നീക്കമല്ലെന്നും പിണറായിയുടെ ഭാഗത്ത് നിന്നുള്ള നീക്കമാണെന്നും ആരോപിച്ച് മകൻ ഷോൺ ജോർജ് രംഗത്തെത്തി. എന്തിനാണ് ഇത്തരത്തിൽ ഒരു ഷോ ഓഫ് എന്നും ഷോൺ ജോർജ് ചോദിച്ചു.
കേസിന്റെ പരിധിയിലെ ഉദ്യോഗസ്ഥനായ എറണാകുളം സിറ്റി പോലീസ് കമ്മീഷണർ നേരത്തെ അറിയിച്ചത് അറസ്റ്റ് ചെയ്യില്ല എന്നായിരുന്നു. ജാമ്യത്തിന്റെ പരിഗണന കൂടി നോക്കിയിട്ടേ അറസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞതിന് ശേഷമാണ് ഇത്തരത്തിൽ ഒരു നീക്കം. ഇത് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ നീക്കമല്ല, പിണറായിയുടെ നീക്കമാണ്. അത് അനുസരിക്കാൻ പിണറായിയുടെ ശമ്പളക്കാരൻ അല്ലാല്ലോ. സർക്കാരിന്റെ ഭാഗത്ത് നിന്നും പോലീസിന്റെ ഭാഗത്ത് നിന്നും നീതി കിട്ടിയില്ലെങ്കിൽ ജുഡീഷ്യറിയുടെ ഭാഗത്ത് നിന്ന് നീതി കിട്ടുമോ എന്നാണ് നോക്കുന്നത്. തിങ്കളാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നും അദ്ദേഹം പറഞു.
‘എന്തിനാണ് ഈ ഷോ ഓഫ്, എന്തിനാണ് ഈ ബഹളം. തൃക്കാക്കര എന്ന ഒറ്റ ബഹളമാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഇല്ലായിരുന്നെങ്കിൽ സംഭവത്തിൽ ഒരു കേസു പോലും ഉണ്ടാകില്ലായിരുന്നു’ – അദ്ദേഹം പറഞ്ഞു. പ്രസംഗത്തിൽ ഏതെങ്കിലും തരത്തിൽ മതവിദ്വേഷം നടത്തുന്ന രീതിയിലുള്ള പരമാർശങ്ങളും ഇല്ലെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.
അതേസമയം പിസി ജോർജിനെ തേടി വീട്ടിലെത്തിയ പോലീസിന് അദ്ദേഹത്തെ കണ്ടെത്താനായില്ല. ഫോണിലും ലഭിക്കുന്നില്ലെന്നാണ് വിവരം.