ന്യൂഡല്‍ഹി: ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡി.ആര്‍.ഐ) ഡല്‍ഹിയിലും ഗുരുഗ്രാമിലുമായി നടത്തിയ റെയ്ഡില്‍ 85 കിലോ സ്വര്‍ണം പിടിച്ചെടുത്തു. യന്ത്രഭാഗങ്ങളുടെ രൂപത്തില്‍ ഹോങ്കോങ്ങില്‍നിന്ന് എയര്‍ കാര്‍ഗോ വഴി കടത്തിയ സ്വര്‍ണമാണ് പിടികൂടിയത്. ഇതിന് 42 കോടി രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നാല് വിദേശികളെയും ഡി.ആര്‍.ഐ. അറസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ട് ദക്ഷിണകൊറിയന്‍ സ്വദേശികളും ചൈന, തായ്‌വാന്‍ സ്വദേശികളുമാണ് അറസ്റ്റിലായിട്ടുള്ളത്. ഹോങ്കോങ്ങില്‍നിന്ന് എയര്‍ കാര്‍ഗോ വഴി സ്വര്‍ണം കടത്തിയതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഡല്‍ഹിയിലും ഗുരുഗ്രാമിലും ഡി.ആര്‍.ഐ. റെയ്ഡ് നടത്തിയത്.
യന്ത്രഭാഗങ്ങളുടെ രൂപത്തിലാണ് ഇത്രയും സ്വര്‍ണം എയര്‍ കാര്‍ഗോ വഴി എത്തിച്ചത്. ഇവ പിന്നീട് ഉരുക്കി വിവിധ ആകൃതികളിലാക്കിയാണ് പ്രാദേശിക വിപണിയില്‍ എത്തിച്ചിരുന്നതെന്നും അധികൃതര്‍ പറഞ്ഞു.
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പിള്ളി വിമാനത്താവളത്തിലും കഴിഞ്ഞദിവസം 463 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ യാത്രക്കാരന്റെ ബാഗേജിലാണ് 23 ലക്ഷം രൂപയുടെ സ്വര്‍ണം കണ്ടെത്തിയത്. യാത്രക്കാരനെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് അറസ്റ്റ് ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി വിമാനത്താവളത്തില്‍നിന്നും ഒരുകോടി രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു.