മനുഷ്യാവകാശ പ്രവർത്തകയും നൊബേൽ സമ്മാന ജേതാവുമായ മലാല യൂസഫ്സായിയുടെ വിവാഹ ചിത്രങ്ങളാൽ നിറയുകയാണ് സാമൂഹിക മാധ്യമങ്ങൾ. മലാല തന്നെയാണ് വിവാഹിതയായ വിവരം പുറത്തുവിട്ടത്. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജർ അസ്സർ മാലികാണ് വരൻ. നിരവധി താരങ്ങളും മലാലയ്ക്ക് ആശംസകൾ അറിയിച്ച് ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
ബിർമിങ്ങാമിലെ വസതിയിൽ വച്ചാണ് ഇരുപത്തിനാലുകാരിയായ മലാല വിവാഹിതയായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇന്ന് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ദിവസമാണ്. ഞാനും അസ്സറും ജീവിത പങ്കാളികളാകാൻ തീരുമാനിച്ചു എന്ന കുറിപ്പോടെയാണ് മലാല ചിത്രങ്ങൾ പങ്കുവെച്ചത്. വീട്ടിലെ ലളിതമായ നിഹാക്കാഹോടെയാണ് ചടങ്ങുകൾ നടത്തിയതെന്നും എല്ലാവരുടെയും പ്രാർഥനകൾ കൂടെ വേണമെന്നും മലാല കുറിച്ചു.
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും പ്രശസ്ത വ്ളോഗർ ലില്ലി സിങ്ങും ഇരുവർക്കും ആശംസകൾ പങ്കുവെച്ചു. പുതിയജീവിതം ആരംഭിക്കുന്ന മലാലയ്ക്കും എല്ലാ സന്തോഷങ്ങളും നേരുന്നു എന്നാണ് പ്രിയങ്ക കുറിച്ചത്. മനോഹര നിമിഷം എന്നാണ് കനേഡിയൻ വ്ളോഗർ ലില്ലി സിങ് ഇരുവരുടെയും ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്. പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ് ത്യുൻബെർഗും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്ര്യൂഡോയും സംരംഭക മെലിൻഡ ഗേറ്റ്സും ആശംസകൾ കുറിച്ചു.
വിവാഹത്തെക്കുറിച്ച് അടുത്തിടെ മലാല വോഗ് മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളും ഇപ്പോൾ വൈറലാകുന്നുണ്ട്. എന്തിനാണ് ആളുകൾ വിവാഹിതരാകുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും ജീവിതത്തിലേക്ക് ഒരാളെ കൂട്ടുന്നതിന് എന്തിനാണ് രേഖകളിൽ ഒപ്പുവെക്കുന്നത് എന്നായിരുന്നു മലാല പറഞ്ഞത്. ഇതിനോട് അമ്മ പറയാറുള്ള മറുപടിയും മലാല അന്ന് പങ്കുവെച്ചിരുന്നു. അത്തരം കാര്യങ്ങൾ പറയാൻ എങ്ങനെ ധൈര്യം വന്നുവെന്നും വിവാഹം മനോഹരമായ കാര്യമാണ്, നീയും വിവാഹിതയാകണം എന്നുമാണ് അമ്മ പറയാറുള്ളതെന്നും മലാല പറഞ്ഞിരുന്നു.
2012 ഒക്ടോബറിലാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാടിയ മലാലയ്ക്ക് താലിബാൻ തീവ്രവാദികളിൽ നിന്നും വെടിയേറ്റത്. എന്നാൽ മരണത്തിൽ നിന്നും രക്ഷപ്പെട്ട മലാലയും കുടുംബവും തുടർചികിത്സയ്ക്കായി ലണ്ടനിലേക്ക് പോവുകയും അവിടെ സ്ഥിരതാമസമാക്കുകയുമായിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി പോരാടിയതിന്റെ പേരിലാണ് മലാലയ്ക്ക് 2014 ൽ നൊബേൽ പുരസ്കാരം ലഭിച്ചത്.
https://www.instagram.com/p/CWEFS6do4Jz/?utm_medium=copy_link