കേരളം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഉത്ര കേസിൽ ഒടുവിൽ അപ്രതീക്ഷിത വിധി. ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസിൽ പ്രതിയായ അടൂർ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്.
അഞ്ചൽ സ്വദേശിനി ഉത്രയെ മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്ന കേസിലാണ് ഭർത്താവ് സൂരജിന് കോടതി ഇരട്ടജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചത്. കേസിൽ വിചാരണ നടത്തിയ കൊല്ലം ആറാം അസി. ജില്ലാ സെഷൻസ് മജിസ്ട്രേറ്റ് എം.മനോജാണ് വിധി പ്രസ്താവിച്ചത്. നാല് വകുപ്പുകൾ അനുസരിച്ച് സൂരജ് കുറ്റക്കാരനെന്നാണ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലപാതകമാണ് ഉത്രക്കേസ് ശിക്ഷവിധി പ്രസ്താവിച്ചു ജഡ്ജി പക്ഷേ സൂരജിൻ്റെ പ്രായം കണക്കിലെടുത്തും കുറ്റവാളിയെ തിരുത്താനുള്ള സാധ്യത പരിഗണിച്ചും ഇരട്ടജീവപര്യന്തം ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു.
വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മോഹൻരാജ് നേരത്തെ കോടതിയിൽ വാദിച്ചിരുന്നു. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നും വധശിക്ഷ നൽകാവുന്ന അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
അപൂർവ്വങ്ങളിൽ അപൂർവ്വമായ ഉത്രകേസ് –
സ്വത്തിനു വേണ്ടി സ്വന്തം ഭാര്യയെ ഭർത്താവ് മുർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുക… ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ അപൂർവതകൾ ഏറെ നിറഞ്ഞ കേസിലാണ് ഒടുവിൽ കോടതിയുടെ വിധിയെത്തുന്നത്. 87 സാക്ഷികൾ നൽകിയ മൊഴികളും ,288 രേഖകളും. 40 തൊണ്ടിമുതലുകളും അപഗ്രഥിച്ച ശേഷമാണ് കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം.മനോജ് വിധി പ്രഖ്യാപിച്ചത്.
ജീവനുളള ഒരു വസ്തു കൊലപാതകത്തിനുളള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഉത്ര വധ കേസിൻറെ ഏറ്റവും വലിയ സവിശേഷത. പ്രതിയായ സൂരജിൻറെ കുറ്റസമ്മത മൊഴിക്കപ്പുറം ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാൻ പൊലീസ് നടത്തിയ ഡമ്മി പരീക്ഷണമടക്കമുളള വേറിട്ട അന്വേഷണ രീതികളും ഏറെ ചർച്ചയായിരുന്നു.
വിചാരണയുടെ തുടക്കം മുതൽ താൻ നിരപരാധിയെന്ന അവകാശവാദമാണ് പ്രതി സൂരജ് കോടതിക്കു മുന്നിൽ ഉയർത്തിയത്. എന്നാൽ ശാസ്ത്രീയമായ തെളിവുകളുടെ സമാഹരണത്തിലൂടെ സൂരജിൻറെ വാദങ്ങൾ പൊളിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് പ്രോസിക്യൂഷൻ. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന ഭർത്താവ് സൂരജിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ഇരട്ട ജീവപര്യന്തമെന്ന വിധി വരുമ്പോഴും കോടതി മുറിയിൽ സൂരജ് നിർവ്വികാരനായിരുന്നു. സൂരജിൻ്റെ പ്രായം കണക്കിലെടുത്തും കുറ്റവാളിയെ തിരുത്താനുള്ള സാധ്യത പരിഗണിച്ചുമാണ് വധശിക്ഷ നൽകാത്തതെന്നാണ് വിചാരണകോടതി വ്യക്തമാക്കിയത്. മുമ്പ് കുറ്റകൃത്യങ്ങളിലൊന്നും പങ്കാളിയായിട്ടില്ലെന്നതും സൂരജിന് തുണയായി. അപ്പോഴും ജീവിതകാലം മുഴുവൻ സൂരജ് ജയിലിൽ കഴിയേണ്ടി വരുമെന്നാണ് വിധിയിൽ നിന്ന് വ്യക്തമാകുന്നത്.
നഷ്ടപരിഹാരമായി അടയ്ക്കേണ്ട അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് നൽകണമെന്നാണ് കോടതി വിധി. ഇതിന് പുറമേ ലീഗൽ സർവ്വീസസ് അതോറിറ്റിയോട് കുട്ടിക്ക് വിക്ടിം കോംപൻസേഷൻ നൽകാനും നിർദ്ദേശമുണ്ട്.
നാല് വകുപ്പുകൾ അനുസരിച്ച് സൂരജ് കുറ്റക്കാരനെന്നാണ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വിഷ വസ്തു ഉപയോഗിച്ചുള്ള കൊലപാതകത്തിന് പത്ത് വർഷം, തെളിവ് നശിപ്പിച്ചതിന് ഏഴ് വർഷം, നേരത്തെ നടത്തിയ വധ ശ്രമത്തിന് ജീവപര്യന്തം, കൊലപാതകത്തിന് ജീവപര്യന്തം. ഇങ്ങനെയാണ് കോടതി വിധി. പത്ത് വർഷത്തെയും ഏഴ് വർഷത്തെയും തടവിന് ശേഷമാണ് ഇരട്ട ജീവപര്യന്തം തടവ് തുടങ്ങുകയെന്നാണ് വിധി. അതായത് പതിനേഴ് വർഷത്തിന് ശേഷം മാത്രമേ ഇരട്ട ജീവപര്യന്തം തടവ് തുടങ്ങുകയുള്ളൂ. പല കേസുകളിലും തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കാറുണ്ടെെങ്കിലും ഈ കേസിൽ ഓരോ ശിക്ഷയും പ്രത്യേകമായി അനുഭവിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതായത് മേൽക്കോടതി വിധികളോ സർക്കാർ തീരുമാനമോ ഉണ്ടായില്ലെങ്കിൽ ജീവതാവസാനം വരെ തടവിൽ കിടക്കണം. കേസിൽ വിചാരണ നടത്തിയ കൊല്ലം ആറാം അസി. ജില്ലാ സെഷൻസ് മജിസ്ട്രേറ്റ് എം.മനോജാണ് വിധി പ്രസ്താവിച്ചത്.