4 കുട്ടികളെ കാണാതായി, ആശങ്കയുടെ 9 മണിക്കൂർ

എടപ്പാൾ : പറക്കുളത്തുനിന്ന് 4 കുട്ടികളെ കാണാതായ സംഭവത്തെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ആശങ്കയിലായത് 9 മണിക്കൂർ. കഴിഞ്ഞ ദിവസം വൈകിട്ടോടെ ആണ് 9, 12, 14 വയസ്സുളള 4 കുട്ടികളെ കാണാതായത്. രാത്രി ആയിട്ടും ഇവർ തിരികെ എത്താതിരുന്നതോടെ വീട്ടുകാർ ആശങ്കയിലായി. വിവരമറിഞ്ഞ് നാട്ടുകാരുടെയും ബന്ധുക്കളുടെയും നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ രാത്രി പത്തോടെ ആണ് ആനക്കര ഹൈസ്കൂൾ കുന്നിൽനിന്ന് ഇവരെ കണ്ടെത്തിയത്.

വൈകിട്ട് ആനക്കര സെന്ററിലെ ചായക്കടയിൽനിന്ന് ചായ കുടിച്ചതായി ഹോട്ടൽ ഉടമ അറിയിച്ചു. തുടർന്ന് സമീപത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിച്ചു. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. ഇവർ കണ്ടനകം റോഡിലൂടെ പോകുന്നതായി സൂചന ലഭിച്ചതോടെ ഈ വഴിക്കും അന്വേഷണം നടത്തി. മീൻ പിടിക്കാൻ പോയതായി ചിലർ അറിയിച്ചതിനെ തുടർന്ന് സമീപത്തെ ജലാശയങ്ങളും ക്വാറികളും കേന്ദ്രീകരിച്ചും പരിശോധന നടത്തി.

വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടതിനെ തുടർന്ന് എടപ്പാൾ വരെയുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ആനക്കര ഹൈസ്കൂൾ ഭാഗത്താണ് ഇവരെ ഒടുവിൽ കണ്ടതെന്ന് സിസിടിവികളിൽനിന്ന് വ്യക്തമായതോടെ ഈ പരിസരം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് കുന്നിനു മുകളിൽനിന്ന് ഇവരെ കണ്ടെത്തിയത്. ഇതോടെ മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കു വിരാമമായി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7