വാഷിങ്ടണ്‍: ത്രിദിന അമേരിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടണിലെത്തി. ബുധനാഴ്ച ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ വിമാനം ഇറങ്ങിയ മോദിയെ സ്വീകരിക്കാന്‍ ഇന്ത്യന്‍ അമേരിക്കക്കാരുടെ വലിയസംഘം കാത്തുനിന്നിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച, ക്വാഡ് ഉച്ചകോടി, ഐക്യരാഷ്ട്ര സംഘടനാ പൊതുസഭയെ അഭിസംബോധന ചെയ്യല്‍ എന്നിവയാണ് മോദിയുടെ ത്രിദിന യു.എസ്. സന്ദര്‍ശനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇത് ആദ്യമായാണ് ജോ ബൈഡനും മോദിയും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നത്.
അമേരിക്കന്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിങ് സന്ധു അടക്കമുള്ളവരും ചേര്‍ന്നാണ് മോദിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. വാഷിങ്ടണിലെ ഇന്ത്യന്‍ സമൂഹം നല്കിയ ഊഷ്മള സ്വീകരണത്തിന് നന്ദിയെന്ന് മോദി പിന്നീട് ട്വീറ്റ് ചെയ്തു.
അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ആദ്യദിനമായ വ്യാഴാഴ്ച, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍, അമേരിക്കയുടെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് മോദി-മോറിസണ്‍ കൂടിക്കാഴ്ച.
ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ശേഷിയുള്ള കോര്‍പറേറ്റ് കമ്പനികളുടെ യു.എസിലെ മേധാവികളുമായും മോദി കൂടിക്കാഴ്ച നടത്തും. ക്വാല്‍കോം, ബ്ലാക്ക് സ്റ്റോണ്‍, അഡോബ്, ജനറല്‍ അറ്റോമിക്സ്, ഫസ്റ്റ് സോളാര്‍ തുടങ്ങിയവയുടെ സി.ഇ.ഒകള്‍ മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.
വെള്ളിയാഴ്ചയാണ് മോദി-ബൈഡന് കൂടിക്കാഴ്ച. ഇതാദ്യമായാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നത്. ശനിയാഴ്ച ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെയും മോദി അഭിസംബോധന ചെയ്യും