തിരുവനന്തപുരം : തുടർഭരണമെന്ന ചരിത്രനേട്ടത്തോടെ 17 പുതുമുഖങ്ങളടക്കം 21 അംഗങ്ങളുമായി രണ്ടാം പിണറായി മന്ത്രിസഭ ഇന്നു മൂന്നരയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കും. പിന്നാലെ ചേരുന്ന ആദ്യ മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങളും പ്രതീക്ഷിക്കുന്നു. സെക്രട്ടേറിയറ്റിനു പിന്നിലെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പന്തലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. തുടർന്ന് രാജ്ഭവനിലെ ചായസൽക്കാരം കഴിഞ്ഞാകും സെക്രട്ടേറിയറ്റിൽ മന്ത്രിസഭാ യോഗം.
സത്പ്രതിജ്ഞയ്ക്കു മുന്നോടിയായി രാവിലെ മുഖ്യമന്ത്രിയും സിപിഎം, സിപിഐ നിയുക്ത മന്ത്രിമാരും ആലപ്പുഴയിലെ വയലാർ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര– വയലാർ രക്തസാക്ഷി സ്മാരകത്തിലും പുഷ്പാർച്ചന നടത്തി. ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിച്ചിട്ടുണ്ടെങ്കിലും കോവിഡ് പ്രതിസന്ധി കാരണം പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. തമിഴ്നാട് സർക്കാരിന്റെ പ്രതിനിധിയായി വ്യവസായമന്ത്രി തങ്കം തേനരശ് എത്തിയേക്കും. ബംഗാളും പ്രതിനിധിയെ അയയ്ക്കുന്നുണ്ട്.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും മറ്റു പൊളിറ്റ്ബ്യൂറോ അംഗങ്ങളും പ്രമുഖ നേതാക്കളും സ്ഥാനമൊഴിയുന്ന മന്ത്രിമാരും എൽഡിഎഫ് എംഎൽഎമാരുമടക്കം അഞ്ഞൂറിൽ താഴെപ്പേരെയാണു പ്രതീക്ഷിക്കുന്നത്. ട്രിപ്പിൾ ലോക്ഡൗൺ അവഗണിച്ച് ചടങ്ങു വിപുലമാക്കിയതിൽ പ്രതിഷേധിച്ച് യുഡിഎഫ് എംഎൽഎമാരും നേതാക്കളും നേരിട്ടെത്തില്ല. പകരം ഓൺലൈനായി കാണും.
ഒരു മാധ്യമത്തിൽനിന്ന് ഒരു റിപ്പോർട്ടർക്കു മാത്രമാണു പ്രവേശനം. സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ 2 ഡോസ് വാക്സീൻ സർട്ടിഫിക്കറ്റോ നിർബന്ധം. വേദിയിൽ ഒന്നര മീറ്ററും സദസ്സിൽ 2 മീറ്ററും അകലത്തിലാണ് കസേരകൾ. ഒരു മന്ത്രിക്കൊപ്പം 5 പേരെ മാത്രമേ അനുവദിക്കൂ.140 അടി നീളത്തിൽ വേദിയിൽ സ്ഥാപിച്ച എൽഇഡി സ്ക്രീനിൽ ചടങ്ങിനു മുൻപ് 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലി സംഗീതാവിഷ്കാരം പ്രദർശിപ്പിക്കും.