പബ്ജി ഉടൻ ഇന്ത്യയിൽ തിരിച്ചുവരില്ലെന്ന് വിവരാവകാശരേഖയില്‍ വെളിപ്പെടുത്തൽ. പബ്ജിക്കു ബദലായി വികസിപ്പിച്ചെടുത്ത ഫൗജി വരാനിരിക്കെയാണ് പബ്ജി പ്രേമികളെ നിരാശപ്പെടുത്തിക്കൊണ്ട് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവരുന്നത്. വ്യക്തി സ്വകാര്യതയ്ക്കും രാജ്യ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ആരോപിച്ചാണ് ആപ്പ് നിരോധിച്ചത്.
ഇതിനിടെ ആരോപണങ്ങൾക്കെതിരെ വ്യക്തത വരുത്താനും ഗെയിം ഓൺലൈനായി കൊണ്ടുവരാനും പബ്ജി ടീം പലവട്ടം ശ്രമിച്ചെങ്കിലും കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തു നിന്ന് ആശ്വാസകരമായ പ്രതികരണമൊന്നും തന്നെ ഉണ്ടായില്ല. 2020 സെപ്റ്റംബറിലാണ് പബ്ജി ഇന്ത്യയിൽ നിരോധിക്കപ്പെടുന്നത്. പബ്ജിയുടെ നിർമാതാക്കളായ സൗത്ത് കൊറിയന്‍ കമ്പനി ക്രാഫ്റ്റൺ പബ്ജിയെ പ്രാദേശികവൽക്കരിക്കാൻ പദ്ധതികൾ നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി ചൈനയടക്കമുളള രാജ്യങ്ങൾ ഇന്ത്യയുമായി സമ്പർക്കം വരാത്ത വിധമുളള സാങ്കേതിക സംവിധാനങ്ങൾ ഒരുക്കാനും പബ്ജി ശ്രമിച്ചിരുന്നു.
സർക്കാരും പബ്ജി കോർപ്പും തമ്മിൽ ധാരണയിലാകാത്ത പക്ഷം പബ്ജിയ്ക്ക് ഇന്ത്യയിലേക്ക് മടങ്ങിവരവില്ലെന്നതാണ് ആർടിഐ രേഖ വ്യക്തമാക്കുന്നത്. അതേസമയം ഫൗജി ജനുവരി ഇരുപത്തിയാറിന് പ്ലേ സ്റ്റോറുകളിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.