തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം തടവും സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം തടവും ശിക്ഷ. തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്കൊപ്പം തോമസ് കോട്ടൂര്‍ ആകെ ആറര ലക്ഷം രൂപയും സിസ്റ്റര്‍ സെഫി അഞ്ചര ലക്ഷം രൂപയും പിഴ അടയ്ക്കണം.
കൊലക്കുറ്റത്തിന് ഫാ. തോമസ് കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കോണ്‍വെന്റില്‍ അതിക്രമിച്ച് കയറിയതിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം തടവും 50000 രൂപ പിഴയും കോടതി വിധിച്ചു. സിസ്റ്റര്‍ സെഫിക്ക് കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
തെളിവ് നശിപ്പിച്ച കുറ്റത്തിന് സിസ്റ്റര്‍ സെഫിയും ഏഴ് വര്‍ഷം തടവ് അനുഭവിക്കണം. 50000 രൂപ പിഴയും അടയ്ക്കണം. പ്രതികള്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി പറഞ്ഞു. ശിക്ഷാവിധി കേള്‍ക്കാന്‍ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും സി.ബി.ഐ. കോടതിയില്‍ എത്തിയിരുന്നു.
ശിക്ഷ വിധിക്കുന്നതിന് മുമ്പ് രാവിലെ 11.10-ഓടെ കോടതിയില്‍ വാദം തുടങ്ങി. പ്രതികള്‍ കൊലക്കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും അതിനാല്‍ പരമാവധി ശിക്ഷയായ വധശിക്ഷയോ ജീവപര്യന്തമോ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഫാ. തോമസ് കോട്ടൂര്‍ കോണ്‍വെന്റില്‍ അതിക്രമിച്ചുകയറി കുറ്റകൃത്യം നടത്തിയെന്നത് ഗൗരവതരമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
മൂന്നാം പ്രതിയായ സെഫി ഇരയ്ക്കൊപ്പം താമസിച്ചിരുന്നയാളാണെന്നും അവരാണ് കൃത്യത്തില്‍ പങ്കാളിയായതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അതിനിടെ, ഇതൊരു ആസൂത്രിതമായ കൊലപാതകമാണോ എന്ന് കോടതി ചോദിച്ചു. അല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. പ്രോസിക്യൂഷന്റെ വാദത്തിനിടെ പ്രതികള്‍ മരണശിക്ഷ അര്‍ഹിക്കുന്നില്ലെന്നും കോടതി പരാമര്‍ശം നടത്തി.
കാന്‍സര്‍ രോഗിയായതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നായിരുന്നു ഫാ. തോമസ് കോട്ടൂരിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. താന്‍ നിരപരാധിയാണെന്ന് കോട്ടൂര്‍ ആവര്‍ത്തിച്ചു. പ്രായവും രോഗവും കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് വേണമെന്നും ആവശ്യപ്പെട്ടു. ഫാ. കോട്ടൂരിനെ കോടതി അടുത്തേക്ക് വിളിപ്പിച്ച് വിവരങ്ങള്‍ ആരായുകയും ചെയ്തു. ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് സിസ്റ്റര്‍ സെഫിയും കോടതിയില്‍ പറഞ്ഞു. 11.35-ഓടെ ശിക്ഷാവിധിയിലുള്ള വാദം പൂര്‍ത്തിയായി. തുടര്‍ന്നാണ് സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി കെ. സനില്‍കുമാര്‍ പ്രതികളുടെ ശിക്ഷ വിധിച്ചത്.
കഴിഞ്ഞ ദിവസമാണ് അഭയ കൊലക്കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതി വിധിച്ചത്. രണ്ടു പ്രതികള്‍ക്കുമെതിരായ കൊലക്കുറ്റവും തെളിവ് നശിപ്പിക്കല്‍ കുറ്റവും കോടതി ശരിവെച്ചു. പ്രതികള്‍ തമ്മിലുള്ള ശാരീരികബന്ധം സിസ്റ്റര്‍ അഭയ നേരിട്ട് കണ്ടതിനെത്തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് അഭയയെ തലയ്ക്കടിച്ചു വീഴ്ത്തി കിണറ്റിലിട്ടുവെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. കോണ്‍വെന്റില്‍ അതിക്രമിച്ചു കടന്നുവെന്ന കുറ്റം കൂടി കോട്ടൂരിനുണ്ട്. 28 വര്‍ഷം നീണ്ട നടപടികള്‍ക്കൊടുവിലാണ് പ്രതികള്‍ കുറ്റക്കാരെന്ന് പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി കെ. സനില്‍ കുമാര്‍ കണ്ടെത്തിയത്.
കോണ്‍വെന്റില്‍ മോഷണത്തിനെത്തിയ അടയ്ക്കാ രാജുവിന്റെ മൊഴിയും കേസില്‍ തങ്ങള്‍ക്ക് അനുകൂലമായ പ്രചാരണം നടത്താന്‍ ഫാ. കോട്ടൂര്‍ സമീപിച്ച പൊതുപ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലിന്റെ മൊഴിയുമാണ് കേസില്‍ നിര്‍ണായകമായത്. അഭയയുടെ മുറിയില്‍ ഒപ്പം താമസിച്ചിരുന്ന സിസ്റ്റര്‍ ഷെര്‍ളി അടക്കമുള്ള എട്ടു സാക്ഷികള്‍ വിചാരണയ്ക്കിടെ കൂറുമാറി. കോണ്‍വെന്റിന്റെ അയല്‍പക്കത്തുള്ള സഞ്ജു പി. മാത്യു മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ രഹസ്യമൊഴിപോലും തിരുത്തി. സഞ്ജുവിനെതിരായ കേസുമായി സി.ബി.ഐ. മുന്നോട്ടുപോകുകയാണ്.
ശക്തം ശാസ്ത്രീയ തെളിവുകള്‍-സാഹചര്യത്തെളിവുകളും ബ്രെയിന്‍ മാപ്പിങ്, ബ്രെയിന്‍ ഫിംഗര്‍ പ്രിന്റ് ടെസ്റ്റ്, പോളിഗ്രാഫ് ടെസ്റ്റ്, നാര്‍ക്കോ ടെസ്റ്റ് എന്നീ ശാസ്ത്രീയ പരിശോധനകളും പ്രതികള്‍ക്ക് കുറ്റത്തിലുളള പങ്ക് തെളിയിക്കാന്‍ സി.ബി.ഐക്കു സഹായകമായി. ചൊവ്വാഴ്ച രാവിലെ മൂന്നാമതായാണ് അഭയ കേസ് കോടതി പരിഗണിച്ചത്. സി. ബി.ഐക്കു വേണ്ടി പ്രോസിക്യൂട്ടര്‍ എം. നവാസ് ഹാജരായി.