വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കി പൊലീസ്. ഇരുവരെയും കുത്തിയത് സജീവെന്ന് ഉറപ്പിച്ചു. ദൃശ്യങ്ങളിലുള്ളതിനേക്കാള്‍ കൂടുതല്‍ പേര്‍ സംഭവസ്ഥലത്ത് ഉണ്ടായിരിക്കാമെന്നും നിഗമനം. സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്ത രണ്ട് വാളുകള്‍ ആരുടേതെന്ന് കേന്ദ്രീകരിച്ചും അന്വേഷണം. സി.സി.ടി.വി ദൃശ്യങ്ങളില്‍ ദുരൂഹതയെന്ന ആക്ഷേപം ഉയര്‍ന്നതോടെയാണ് പൊലീസ് സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ സൂക്ഷമപരിശോധന നടത്തിയത്. പരിശോധനയിലൂട ഉറപ്പിച്ച കാര്യങ്ങള്‍ ഇങ്ങിനെ. ആക്രമണ സ്ഥലത്ത് ആദ്യം എത്തിയത് പ്രതികളുടെ സംഘമാണ്.
മൂന്ന് ബൈക്കിലായി നാല് പേരെത്തി ഇരുപത് മിനിറ്റോളം അവിടെ കാത്ത് നിന്ന ശേഷമാണ് കൊല്ലപ്പെട്ടവരുടെ ആറംഗ സംഘമെത്തുന്നത്. ഇവര്‍ സജീവിന്റെ അടുത്തെത്തിയതോടെ സംഘര്‍ഷം തുടങ്ങി. ആദ്യം ഹഖും മിഥിലജും ഉള്‍പ്പെടെ നാല് പേര്‍ ചേര്‍ന്ന് സജീവിനെ ആക്രമിക്കുന്നു. പിന്നാലെ ഉണ്ണിയും സനലും സജീവിനൊപ്പം ചേരുന്നു. ഇതിനിടയില്‍ സജീവ് മിഥിലജിനെ പിന്നില്‍ നിന്ന് പിടിച്ച് നിര്‍ത്തി കുത്തുന്നു. കുത്തേറ്റ മിഥിലജ് ഓടിപ്പോകുന്നുതും കാണാം. ഇരുപത് മീറ്ററോളം ഓടിയ മിഥിലജ് റോഡില്‍ വീഴുകയായിരുന്നു. ഇതോടെ ഹഖ് ഒഴികെ കൊല്ലപ്പെട്ടവരുടെ സംഘത്തിലെ എല്ലാവരും പിന്തിരിഞ്ഞു. ആദ്യം ചെറുത്ത് നിന്ന ഹഖ് പിന്നോട്ട് നടക്കുന്നതിനിടെ നിലത്ത് വീണു.
ഇതോടെ സജീവും സനലും ഉണ്ണിയും ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തി. ഇതുവരെ കാര്യങ്ങള്‍ വ്യക്തമാണങ്കിലും ആശയക്കുഴപ്പം തുടരുന്നത് പ്രതികളുടെ കൂടെ കൂടുതല്‍ പേരുണ്ടായിരുന്നോ എന്നതിലാണ്. അതിന്റെ പ്രധാന കാരണം കൊലപ്പെടുത്തിയ ശേഷം സജീവും സംഘവും മടങ്ങുമ്പോള്‍ അവരുടെ കൈവശം ആയുധമുണ്ട്. പക്ഷെ കൊല നടന്ന സ്ഥലത്ത് നിന്ന് അന്ന് രാത്രി തന്നെ രക്തം പുരണ്ട രണ്ട് വാളുകള്‍ കണ്ടെടുത്തു. ഇത് ആരുടേതെന്ന് കേന്ദ്രീകരിച്ചും അന്വേഷിക്കുകയാണ്.