ന്യൂഡൽഹി : റെയില്‍വേ പാളങ്ങള്‍ക്ക് ഇരുവശവുമായി സ്ഥിതിചെയ്യുന്ന 48,000 കുടിലുകള്‍ മൂന്നുമാസത്തിനകം നീക്കംചെയ്യാന്‍ സുപ്രീം കോടതി ഉത്തരവ്.
ഡല്‍ഹി നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി (എന്‍.സി.ടി) യുടെ 140 കിലോമീറ്റര്‍ നീളം വരുന്ന റെയില്‍വേ പാളങ്ങളുടെ സുരക്ഷാ മേഖലയിലാണ് ഈ ചേരികളും കുടിലുകളും സ്ഥിതി ചെയ്യുന്നത്.
പൊതു താല്‍പര്യ ഹര്‍ജികള്‍ക്ക് പേരുകേട്ട എം.സി. മേത്ത എന്ന അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിലെ ആഗസ്റ്റ് 31ലെ വിധിപ്രഖ്യാപനം.
ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മറ്റു കോടതികള്‍ തടസ്സം ഉന്നയിക്കാന്‍ പാടില്ലെന്നും യാതൊരുവിധമായ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നുണ്ട്.
35 വര്‍ഷമായി സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന മലിനീകരണവുമായി ബന്ധപ്പെട്ട് ശ്രീ മേത്ത നല്‍കിയ പരാതിയിലാണ് ഈ വിധി.
ഡല്‍ഹി സര്‍ക്കാരും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇന്ത്യന്‍ റെയില്‍വേയുമടങ്ങുന്നവരാണ് ആണ് കേസിലെ എതിര്‍കക്ഷികള്‍ .
റെയില്‍പാളങ്ങളോട് ചേര്‍ന്നുള്ള റെയില്‍വേയുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ സ്ഥലം കയ്യേറി സ്ഥാപിച്ച ധാരാളം കുടിലുകള്‍ ഉണ്ട് എന്നും 2018-ലെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധിപ്രകാരം ഓഴിപ്പിക്കല്‍ നടപടികള്‍ക്കായി പ്രത്യേക കര്‍മ്മ സേന നിലവിലുണ്ട് എന്നും റെയില്‍വേ ബോധിപ്പിച്ചു. എന്നാല്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിപ്പിക്കലിനെ ബാധിക്കുന്നുവെന്നും റെയില്‍വേ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.