തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമികളെത്തിയ KL 21 K 4201 എന്ന ബൈക്കും വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വെമ്പായം സ്വദേശി മിതിലാജ് (32) ഹഖ് മുഹമ്മദ് (25) എന്നിവരെയാണ് ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ വെട്ടി കൊലപ്പെടുത്തിയത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരേയും തേമ്പാമൂട് വെച്ച് തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷഹിന്‍ നിസ്സാര പരിക്കുകളോടെ ഓടി രക്ഷപ്പെട്ടു.
കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സിപിഎം ആരോപിച്ചിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക കണ്ടെത്തല്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്നും പോലീസ് അറിയിച്ചു.
അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന. നേരത്തെയും ഇവിടെ രാഷ്ട്രീയ സംഘര്‍ഷം നിലനിന്നിരുന്നു. മെയ്മാസത്തില്‍ ഒരു ആക്രമണം നടന്നിരുന്നതായും അതിലെ പ്രതികള്‍ തന്നെയാണ് ഈ കൊലപാതകത്തിന് പിന്നിലെന്നുമാണ് പോലീസ് പറയുന്നത്.
മിതിലാജിനെ വീട്ടില്‍ കൊണ്ടുവിടാന്‍ പോയതായിരുന്നു ഹഖ് മുഹമ്മദ്. പിടിയിലായ മൂന്ന് പേരില്‍ ഒരാള്‍ കസ്റ്റഡിയിലെടുത്ത ബൈക്കിന്റെ ഉടമയാണ്. ദൃക്‌സാക്ഷികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. രണ്ടു ബൈക്കുകളിലായിട്ടാണ് അക്രമികള്‍ എത്തിയത്.
വളരെ ആസൂത്രിതമായ കൊലപാതകമാണ് നടന്നിട്ടുള്ളതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടുകൂടി നടന്ന കൊലപാതകമാണെന്നും അദ്ദേഹം ആരോപിച്ചു.