തീപിടുത്തത്തെ തുടര്‍ന്ന് സെക്രട്ടേറിയറ്റിനുള്ളില്‍ കയറിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസെടുത്തു. കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. എട്ട് പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. അഞ്ചുപേരില്‍ കൂടുതല്‍ സംഘം ചേര്‍ന്നു, പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തി, ഗതാഗത തടസമുണ്ടാക്കി, കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഇന്നലെ സെക്രട്ടേറിയറ്റില്‍ തീപിടുത്തമുണ്ടായതറിഞ്ഞ് കെ. സുരേന്ദ്രന് അടക്കമുള്ള ബിജെപി നേതാക്കള്‍ സ്ഥലത്ത് എത്തിയിരുന്നു. പ്രതിഷേധവുമായി എത്തിയ ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്, ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു ചെയ്തത്.
അതേസമയം, സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ് ഓഫീസിലുണ്ടായ തീപിടുത്തത്തില്‍ സുപ്രധാന ഫയലുകള്‍ നശിച്ചിട്ടില്ലെന്ന് പ്രോട്ടോക്കോള്‍ വിഭാഗം അറിയിച്ചു. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണ്. ഗസ്റ്റ്ഹൗസുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചതെന്നും പ്രോട്ടോക്കോള്‍ വിഭാഗം അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നും ഗസ്റ്റ്ഹൗസുകളിലെ റൂമുകള്‍ ബുക്ക് ചെയ്യുന്നതിന്റെ ഫയലുകളാണ് നശിച്ചത് മറ്റൊന്നും നശിച്ചിട്ടില്ലെന്നും അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ എ രാജീവന് ട്വന്റിഫോറിനോട് പറഞ്ഞു.