റെഡ് ക്രസന്റുമായുള്ള ധാരണയില്‍ പങ്കാളി സംസ്ഥാന സര്‍ക്കാര്‍ മാത്രം; പകര്‍പ്പ് പുറത്ത്

തിരുവനന്തപുരം : ഭവനരഹിതര്‍ക്ക് വീടുവച്ചു നല്‍കാന്‍ യുഎഇ റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട്. സര്‍ക്കാരിനുവേണ്ടി ലൈഫ് മിഷന്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഈ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് വടക്കാഞ്ചേരിയിലെ വിവാദഫ്ലാറ്റ് നിര്‍മിക്കുന്നത്. ധാരണാപത്രത്തിന്റെ പകര്‍പ്പ് മാധ്യമങ്ങൾക്ക്.

ലൈഫ് മിഷന്‍ ഫ്ലാറ്റിനെക്കുറിച്ച് വിവാദമുയര്‍ന്നപ്പോള്‍ സര്‍ക്കാരിനു നേരിട്ട് പങ്കില്ലെന്നും ഭൂമി നല്‍കുക മാത്രമാണ് ചെയ്തതെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. എന്നാല്‍ ധാരണപത്രത്തിലെ ഒന്നാം കക്ഷി യുഎഇ റെഡ് ക്രസന്റ്. രണ്ടാംകക്ഷി സംസ്ഥാന സര്‍ക്കാര്‍ മാത്രവും.

2019 ജൂലൈ 11ന് സര്‍ക്കാരിനു വേണ്ടി ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ഇതനുസരിച്ച് സംസ്ഥാനത്തെ പ്രളയബാധിതര്‍ക്കും ഭവനരഹിതര്‍ക്കും വീടുവച്ചു നല്‍കാന്‍ റെഡ് ക്രസന്റ് 20 കോടി വാഗ്ദാനം ചെയ്തു. ഇതില്‍ 14 കോടി വീടുകള്‍ നിര്‍മിക്കാനും ബാക്കി തുക ആരോഗ്യകേന്ദ്രം സ്ഥാപിക്കാനുമാണ്.

ആരോഗ്യകേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല സര്‍ക്കാരിനാണ്. ഫ്ലാറ്റ് സമുച്ചയമാണ് നിര്‍മിക്കുന്നതെന്നോ വടക്കാഞ്ചേരിയിലാണ് പദ്ധതിയെന്നോ എംഒയുവില്‍ ഇല്ല. ധാരണാപത്രപ്രകാരം നടപ്പാക്കുന്ന ഓരോ പദ്ധതിക്കും പ്രത്യേകം കരാര്‍ ഒപ്പിടണമെന്നും വ്യവസ്ഥയുണ്ട്. ഇത്തരത്തില്‍ കരാര്‍ ഇതുവരെ ഒപ്പുവച്ചിട്ടില്ലെന്നാണ് വിവരം.

ധാരണാപത്രത്തില്‍ പറയുന്ന തുകയില്‍ നിന്ന് 3.60 കോടി രൂപ സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് നിര്‍മാണ കരാറുകാരില്‍നിന്നു കമ്മിഷന്‍ വാങ്ങിയെന്ന് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് പദ്ധതി വിവാദത്തിലായത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7