പാഴ്സല്‍ വിട്ടുകിട്ടാന്‍ സ്വപ്ന സുരേഷ് ആവശ്യപ്പെട്ടിട്ടും ശിവശങ്കര്‍ ഐഎഎസ് തയാറാകാത്തതിനു പിന്നിലെ ‘ചൈനീസ് ബന്ധം’

തിരുവനന്തപുരം: കസ്റ്റംസ് തടഞ്ഞുവച്ച നയതന്ത്ര പാഴ്സല്‍ വിട്ടുകിട്ടാന്‍ സഹായിക്കണമെന്ന് സ്വപ്ന സുരേഷ് ആവശ്യപ്പെട്ടിട്ടും ശിവശങ്കര്‍ ഐഎഎസ് തയാറാകാത്തതിനു പിന്നില്‍ ‘ചൈനീസ് ബന്ധം’. ജൂണ്‍ 30നാണ് യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്സലില്‍ സ്വര്‍ണം എത്തിയത്. പാഴ്സലില്‍ സ്വര്‍ണമുണ്ടെന്ന കാര്യം വെളിപ്പെടുത്താതെയാണു സ്വപ്ന ശിവശങ്കറിനോട് സഹായം അഭ്യര്‍ഥിച്ചത്.

ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ കണ്ടെയ്നറുകള്‍ വിവിധ തുറമുഖങ്ങളില്‍ കെട്ടിക്കിടന്നിരുന്നു. ഈ സാഹചര്യത്തില്‍ കസ്റ്റംസ് ക്ലിയറന്‍സ് ലഭിക്കാന്‍ പ്രയാസമാണെന്നും അതാകും പാഴ്സലുകള്‍ വിട്ടുകിട്ടാന്‍ വൈകുന്നതെന്നും സ്വപ്നയോട് പറഞ്ഞതായി ശിവശങ്കര്‍ അന്വേഷണ ഏജന്‍സികളോട് വെളിപ്പെടുത്തി. സാധാരണ നിലയില്‍ കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ പാഴ്സല്‍ വിട്ടുകിട്ടുമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ ഇക്കാര്യത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നും ശിവശങ്കര്‍ നിലപാടെടുത്തു.

ശിവശങ്കറില്‍നിന്ന് സഹായം ലഭിക്കാതായതോടെയാണ് സ്വപ്നയും സന്ദീപും കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനൊപ്പം വിമാനത്താവളത്തിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. പിന്നീട് പാഴ്സലുകള്‍ തുറന്നു പരിശോധിച്ച ഉദ്യോഗസ്ഥര്‍ ശുചിമുറി ഉപകരണങ്ങള്‍ അടങ്ങുന്ന പെട്ടികളില്‍ ഒളിപ്പിച്ച 30 കിലോ സ്വര്‍ണം കണ്ടെത്തുകയായിരുന്നു. ഭക്ഷ്യവസ്തുക്കളും ചെരിപ്പുകളും പെട്ടികളിലുണ്ടായിരുന്നു.

കിഴക്കന്‍ ലഡാക്കില്‍ നിയന്ത്രണരേഖയോട് ചേര്‍ന്ന് ഗല്‍വാനില്‍ ജൂണ്‍ 16ന് ചൈനയുമായി സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് കസ്റ്റംസ് ക്ലിയറന്‍സ് നല്‍കാത്തതിനെത്തുടര്‍ന്ന് കോടിക്കണക്കിനു രൂപയുടെ വസ്തുക്കള്‍ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും കെട്ടികിടന്നു. ആ സമയത്താണ് നയതന്ത്ര പാഴ്സലുകള്‍ യുഎഇയില്‍നിന്ന് എത്തുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7