ആദ്യം അയച്ചത് ഈത്തപ്പഴവുമടങ്ങിയ ‘ടെസ്റ്റ് ഡോസ്; പരീക്ഷണം വിജയിച്ചതോടെ 200 കിലോ സ്വര്‍ണം കടത്തി, ലോക്ഡൗണില്‍ മാത്രം 70 കിലോ കടത്തി

കൊച്ചി : സ്വര്‍ണക്കടത്തു കേസില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സന്ദീപ് നായരുടെ നേതൃത്വത്തിലുള്ള സ്വര്‍ണക്കടത്തു സംഘം ദുബായില്‍ നിന്ന് നയതന്ത്ര പാഴ്‌സലില്‍ ആദ്യം അയച്ചത് എമര്‍ജന്‍സി ലൈറ്റും മിഠായിയും ഈത്തപ്പഴവുമടങ്ങിയ ‘ടെസ്റ്റ് ഡോസ് പായ്ക്കറ്റ്’. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണം കടത്താന്‍ പറ്റിയതാണോയെന്നു പരിശോധിക്കാനുള്ള ഈ പരീക്ഷണം. പരീക്ഷണം വിജയിച്ചതോടെ ആസൂത്രിതമായ ദീര്‍ഘകാല പദ്ധതിക്കാണു സംഘം തുടക്കമിട്ടത്. പിടിക്കപ്പെടുന്നതുവരെ കടത്തിയത് 200 കിലോഗ്രാം സ്വര്‍ണം.

ജൂണില്‍ തന്നെ 3.5 കിലോഗ്രാം സ്വര്‍ണം കടത്തി. പിന്നീട് 5 കിലോ, 7 കിലോ വീതം 2 തവണ. 2 തവണയായി മുഹമ്മദ് ഷാഫിക്ക് 42 കിലോ, 26 കിലോഗ്രാം എന്നിങ്ങനെ സ്വര്‍ണം കൊണ്ടുവന്നതായും കസ്റ്റംസിനു ലഭിച്ച മൊഴികളിലുണ്ട്. ഏറ്റവും കൂടുതല്‍ (30 കിലോ) സ്വര്‍ണം അയച്ച പാഴ്‌സലാണു കസ്റ്റംസ് പിടികൂടിയത്. ഇതടക്കം ലോക്ഡൗണ്‍ കാലത്തയച്ച അവസാനത്തെ 3 പാഴ്‌സലുകളിലായി 70 കിലോ ആണു കടത്തിയത്. ഇങ്ങനെ ഇരുപതോളം തവണയായി 200 കിലോ സ്വര്‍ണം ആണു കടത്തിയത്. ഈ മൊഴി കസ്റ്റംസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.

2014 ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ 3.5 കിലോ സ്വര്‍ണം പിടികൂടിയ കേസില്‍ കൂട്ടുപ്രതികളാണു കെ.ടി. റമീസും സന്ദീപ് നായരും. നയതന്ത്ര ചാനല്‍ ഉപയോഗിക്കാനുള്ള ആശയം സന്ദീപിന്റേതാണ്. 2019 മേയിലാണ് ആസൂത്രണം ആരംഭിച്ചത്. സന്ദീപും സരിത്തും നേരത്തെ സ്വകാര്യ സ്ഥാപനത്തില്‍ ഒരുമിച്ചു ജോലി ചെയ്തിട്ടുണ്ട്. സരിത് വഴിയാണു സ്വപ്നയെ പരിചയപ്പെടുന്നത്. സ്വപ്നയുടെ കോണ്‍സുലേറ്റ് ബന്ധങ്ങള്‍ സംഘം ദുരുപയോഗിച്ചു. റമീസ് വഴി ജലാല്‍ മുഹമ്മിലേക്കും ജലാല്‍ വഴി ദുബായിലുള്ള ഫൈസല്‍ ഫരീദിലേക്കും എത്തി. തിരുവനന്തപുരത്തെ ഫ്‌ലാറ്റുകളിലും ഹോട്ടല്‍ മുറികളിലുമാണു ആലോചനകള്‍ നടന്നത്.

പണം സന്ദീപിന്റെ നേതൃത്വത്തില്‍ സമാഹരിച്ച് ഹവാല ശൃംഖല വഴി ദുബായില്‍ ഫൈസല്‍ ഫരീദിന് എത്തിക്കും. ഫൈസല്‍ സ്വര്‍ണം വാങ്ങി പാഴ്‌സലില്‍ ഒളിപ്പിച്ച് യുഎഇ കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ അയയ്ക്കും. കോണ്‍സുലേറ്റ് നല്‍കുന്ന ഓതറൈസേഷന്‍ വ്യാജമായി തയാറാക്കിയാണ് പാഴ്‌സല്‍ അയച്ചിരുന്നത്.

കോണ്‍സുലേറ്റ് പിആര്‍ഒ എന്ന നിലയില്‍ ആദ്യഘട്ടത്തില്‍ സരിത് ഇവ നേരിട്ടു കൈപ്പറ്റി. ജോലി നഷ്ടപ്പെട്ടപ്പോള്‍, ‘ഓതറൈസേഷന്‍! രേഖ’ കാണിച്ച് കൈപ്പറ്റി. പാഴ്‌സല്‍ അയയ്ക്കാനും തിരുവനന്തപുരത്ത് ഏറ്റുവാങ്ങാനും ഹാജരാക്കിയ രേഖകള്‍ മുഴുവന്‍ വ്യാജമാണെന്ന് കസ്റ്റംസ് കരുതുന്നില്ല.

സ്വര്‍ണക്കടത്തില്‍ സഹായിക്കുന്നതിനു പതിനായിരങ്ങളില്‍ തുടങ്ങിയ പ്രതിഫലം 4–5 ലക്ഷത്തില്‍ എത്തി നില്‍ക്കുന്നതായാണു സരിത്തിന്റെ മൊഴി. തനിക്കും സ്വപ്നയ്ക്കുമായി ഏറ്റവുമൊടുവില്‍ വാഗ്ദാനം ചെയ്യപ്പെട്ടത് 10 ലക്ഷം രൂപയാണെന്നും സരിത് പറഞ്ഞിരുന്നു. റമീസ്, ജലാല്‍ മുഹമ്മദ്, സന്ദീപ്, ഫൈസല്‍ ഫരീദ് എന്നിവരുടെ പ്രതിഫലമെത്രയെന്ന് വ്യക്തമായിട്ടില്ല.

പണം കണ്ടെത്താന്‍ സന്ദീപും റമീസും ജലാല്‍ മുഹമ്മദും ചേര്‍ന്നാണു ഹവാല ഇടപാടുകാരെ സമീപിച്ചത്. ടെസ്റ്റ് ഡോസിന്റെ രേഖകള്‍ കാണിച്ച് വിശദീകരിച്ചതോടെ, ഹവാലക്കാര്‍ പണം നല്‍കാമെന്നേറ്റു. ആദ്യ കടത്തു വിജയിച്ചതോടെ, കൂടുതല്‍ ഹവാലക്കാര്‍ എത്തി. കടത്തുന്ന സ്വര്‍ണത്തിന്റെ അളവ് വര്‍ധിച്ചു, ലാഭവും. പണം മുടക്കിയവരില്‍ 7 പേര്‍! ഇതിനകം പിടിയിലായി. ഇവരില്‍ ഓരോരുത്തരും മറ്റു പലരില്‍ നിന്നു പണം സമാഹരിച്ചിട്ടുണ്ട്. ‘നിക്ഷേപക’രുടെ പട്ടികയില്‍ കൂടുതല്‍ പേരുണ്ടാകാമെന്നും കസ്റ്റംസ് കരുതുന്നു. റമീസ്, ജലാല്‍ മുഹമ്മദ്, സ്വപ്ന, സന്ദീപ്, സരിത്, ഫൈസല്‍ ഫരീദ് എന്നിവര്‍ പണം ഇറക്കിയിട്ടില്ലെന്നാണ് വിവരം. ഇവര്‍ക്ക് ഓരോ കടത്തിനും പ്രതിഫലം ലഭിക്കും.

സ്വര്‍ണക്കടത്തിനു രാഷ്ട്രീയ നേതാക്കളുമായി ബന്ധമുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ല.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7