പുറകോട്ടില്ല: ലഡാക്കില്‍ 60000 സൈനികരെ വിന്യസിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഗല്‍വാന്‍ സംഘര്‍ഷത്തിന് പരിഹാരമുണ്ടാകാതിരിക്കുന്ന പശ്ചാത്തലത്തില്‍ ലഡാക്കില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു. നാല് ഡിവിഷന്‍ സൈന്യത്തെയാണ് ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. ലഡാക്കിലെ സൈനിക വിന്യാസം സമാനതകളില്ലാത്തതാണ്. കഴിഞ്ഞ മെയ്മാസം വരെ ഒരുഡിവിഷന്‍ മാത്രമാണ് ലഡാക്കില്‍ വിന്യസിക്കപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോഴത് നാലായി വര്‍ധിപ്പിച്ചിരിക്കുകയാണ്.

15,000 മുതല്‍ 20,000 സൈനികര്‍ വരെയാണ് ഒരു ഡിവിഷനില്‍ ഉണ്ടാവുക. ലഡാക്കില്‍ ചൈനയുമായി 856 കിലോമീറ്റര്‍ വരുന്ന നിയന്ത്രണ രേഖയാണ് ഉള്ളത്. ഇത്രയും ദൂരത്തിനിടയില്‍ ഏകദേശം കുറഞ്ഞത് 60,000 സൈനികരാണ് വിന്യസിക്കപ്പെട്ടിരിക്കുന്നതെന്നര്‍ഥം. മറുഭാഗത്ത് ചൈനീസ് സൈന്യം വലിയ തോതില്‍ തമ്പടിച്ചതിനെ തുടര്‍ന്നാണ് ഇത്രയും വലിയ സേനാ വിന്യാസത്തിന് ഇന്ത്യ നിര്‍ബന്ധിതമായത്.

അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെത്തി സൈനികരുമായി ചര്‍ച്ച നടത്തി നേരിട്ട് കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത്രയധികം സേനാ വിന്യാസം ഉണ്ടായിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് മൂന്ന് ഡിവിഷന്‍ സേനയെ എത്തിച്ചത്. ഇതിനൊപ്പം ആവശ്യമായ പടക്കോപ്പുകളും പീരങ്കികളുമൊക്കെ ലഡാക്കില്‍ എത്തിച്ചിട്ടുണ്ട്.

നിയന്ത്രണ രേഖ തുടങ്ങുന്ന കാരക്കോറം പാസ് മുതല്‍ സൗത്ത് ലഡാക്കിലെ ചുമുര്‍ വരെയാണ് സേനയെ വിന്യസിച്ചത്. കാരക്കോറം പാസ്, ദൗലത് ബേഗ് ഓല്‍ഡി, ഡെസ്പാങ്, ഗല്‍വാന്‍ താഴ്വര, പാംഗോങ് തടാകം. ഡെംചോക്, കോയില്‍, ചുമുര്‍ എന്നിവിടങ്ങളിലാണ് സേനയെ വിന്യസിച്ചിരിക്കുന്നത്. ചൈനയുടെ ഭാഗത്തുനിന്നുള്ള ഏതൊരു കടന്നുകയറ്റത്തേയും പ്രതിരോധിക്കുക എന്നതാണ് ലക്ഷ്യം.

സംഘര്‍ഷം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ മെയ് മാസത്തില്‍ സേനയുടെ രണ്ട് മൗണ്ടെയ്ന്‍ ഡിവിഷനെ ലഡാക്കില്‍ എത്തിച്ചിരുന്നു. തന്ത്രപ്രധാന പോസ്റ്റുകളില്‍ ഇവരെ വിന്യസിക്കുകയും ചെയ്തു. എന്നാല്‍ സംഘര്‍ഷം പരിഹരിക്കപ്പെടാതെ രൂക്ഷമായ സാഹചര്യത്തില്‍ കുടുതല്‍ സേനയും പീരങ്കികളും ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള കവചിത വാഹനങ്ങളും ഇന്ത്യ ഇവിടേക്ക് എത്തിച്ചിരുന്നു.

മെയ് മാസത്തിനു മുമ്പ് സൈന്യത്തിന്റെ 14 കോര്‍പ്‌സ് ഡിവിഷന്‍ മാത്രമാണ് ലഡാക്കിലുണ്ടായിരുന്നത്. സിയാച്ചിന്‍ മുതല്‍ ചുമുര്‍ വരെ ലഡാക്കിലെ ഇന്ത്യന്‍ മണ്ണ് സംരക്ഷിക്കാന്‍ ഇവര്‍ മാത്രമാണ് ഉണ്ടായിരുന്നത്.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular