അങ്കമാലിയില്‍ പിതാവിന്റെ ആക്രമണത്തില്‍ തലയ്ക്കു പരുക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള 2 മാസം പ്രായമുള്ള ജോസീറ്റയുടെ ആരോഗ്യ നില മെച്ചപ്പെട്ടതിനാല്‍ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യും. മുലപ്പാല്‍ കുടിക്കുന്ന കുട്ടിയുടെ ദഹന പ്രക്രിയ സാധാരണ നിലയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
തലയിലെ രക്തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞ 18ന് ആണ് കുട്ടിയെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചത്. 22ന് ശസ്ത്രക്രിയ നടത്തി. ശനിയാഴ്ച കുട്ടിയെ മാതാവിനു കൈമാറും. സംഭവത്തില്‍ പിതാവ് ജോസ്പുരത്തു വാടകയ്ക്കു താമസിക്കുന്ന കണ്ണൂര്‍ ചാത്തനാട്ട് ഷൈജു തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അങ്കമാലി ജോസ്പുരത്തു വാടകയ്ക്കു താമസിക്കുന്ന കണ്ണൂര്‍ ചാത്തനാട്ട് ഷൈജു തോമസ് (40) ആണ് അറസ്റ്റിലായത്. ജനിച്ച് 54 ദിവസത്തിനു ശേഷമാണ് നവജാത ശിശുവിനു നേരെ ആക്രമണമുണ്ടായത്. കുഞ്ഞിനെ ഇയാള്‍ തലയ്ക്കടിച്ചും കട്ടിലിലേക്കു വലിച്ചെറിഞ്ഞും കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു
കുട്ടിയുടെ പിതൃത്വത്തിലുള്ള സംശയവും കുഞ്ഞിനെതിരെയുള്ള ആക്രമണത്തിനു കാരണമായെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണ് ഉണ്ടായത്.
ജോസ്പുരത്തു വാടകയ്ക്കു താമസിക്കുന്ന വീടിന്റെ കിടപ്പുമുറിയില്‍ ഈ മാസം 18ന് പുലര്‍ച്ചെ നാലിനാണു കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമമുണ്ടായത്. ഭാര്യയുടെ കൈയില്‍ നിന്നു കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങി ഷൈജു കൈകൊണ്ടു രണ്ടു പ്രാവശ്യം കുട്ടിയുടെ തലയ്ക്കടിക്കുകയും കട്ടിലിലേക്കു വലിച്ചെറിയുകയും ചെയ്തുവെന്നു പൊലീസ് പറഞ്ഞു.
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട നേപ്പാള്‍ സ്വദേശിയായ യുവതിയും ഷൈജുവും തമ്മില്‍ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമെ ആയിട്ടുള്ളു. നേപ്പാളില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. 9 മാസങ്ങളായി അങ്കമാലിയിലെ വിവിധയിടങ്ങളില്‍ വാടകയ്ക്കു താമസിച്ചുവരികയാണ്. 10 മാസം മുന്‍പാണ് ഇവര്‍ ജോസ്പുരത്തു താമസം തുടങ്ങിയത്.
FOLLOW US: pathram online